അബുദാബി: ഇത്തിഹാദ് എയര്‍വേയ്സ് കോഴിക്കോട്, തിരുവനന്തപുരം സെക്ടറില്‍ ജനുവരി ഒന്നു മുതല്‍ പ്രതിദിന സര്‍വീസ് പുനരാരംഭിക്കുന്നു. കോവിഡ് കാലത്ത് നിര്‍ത്തിവച്ച സര്‍വീസുകളാണ് വീണ്ടും തുടങ്ങുന്നത്. യാത്രക്കാരുടെ വര്‍ധനവാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കാരണം.
നിലവില്‍ കൊച്ചിയിലേക്ക് മാത്രമാണ് ഇത്തിഹാദ് എയര്‍വേയ്സ് സര്‍വീസ് നടത്തുന്നത്. അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ 9ന് തിരുവനന്തപുരത്തെത്തും. തിരിച്ച് 10.05ന്പുറപ്പെട്ട് ഉച്ചയ്ക്ക് 12.55ന് അബുദാബിയില്‍ ഇറങ്ങും. 8 ബിസിനസ് ക്ലാസും 190 ഇക്കോണമിയും ഉള്‍പ്പെടെ 198 സീറ്റുകളുള്ള വിമാനമാണ് സര്‍വീസ് നടത്തുക.
അബുദാബിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 7.55ന് കരിപ്പൂരില്‍ ഇറങ്ങും. തിരിച്ച് രാത്രി 9.30ന് പുറപ്പെട്ട് അര്‍ധരാത്രി 12.05ന് അബുദാബിയില്‍ ലാന്‍ഡ് ചെയ്യും. പുതിയ സര്‍വീസുകള്‍ക്കായി ദുബായില്‍നിന്ന് ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.