ജനീവ: സുഡാനിലെ വംശീയ കലാപത്തിൽ 15,000 അധികം പേർ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്. കഴിഞ്ഞ വർഷം പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സഖ്യകക്ഷിയായ അറബ് മിലിഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലിൽ സുഡാനിലെ വെസ്റ്റ് ഡാർഫൂർ മേഖലയിൽ മാത്രം 10000 മുതൽ 15,000 വരെ ആളുകൾ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മാത്രമല്ല കലാപത്തിനിടയിൽ നിരവധി പേർ ബലാത്സംഗത്തിനിരയായതായും റിപ്പോർട്ടിൽ പറയുന്നു.2023 ഏപ്രിൽ 15 ന് ശേഷമുള്ള ആഭ്യന്തര കലാപത്തിന്റെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്.സുഡാൻ സൈനിക മേധാവി അബ്ദുൾ ഫത്താ അൽ ബുർഹാനും പാരാ മിലിട്ടറി മേധാവി മുഹമ്മദ് ഹംദാൻ ദാഗ്ലോയും തമ്മിലുള്ള അധികാര തർക്കമാണ് സുഡാനെ ആഭ്യന്തര യുദ്ധത്തിലേക്കും കലാപത്തിലേക്കും എത്തിച്ചത്.
പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് യുവാക്കളെ പ്രത്യേകമായി തിരഞ്ഞുപിടിച്ച് കൊല്ലുകയാണെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു.മസാലിത്ത് വംശത്തിലുള്ളവരെ കൊലപ്പെടുത്തുന്നത് തലയിൽ വെടിവെച്ചാണ്. മസാലിയത്ത് സ്ത്രീകൾ ശാരീരികമായും ലൈംഗികമായും ആക്രമിക്കപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇത്തരത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്.വഴിയരികിൽ നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും മൃതദേഹങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തായും പറയുന്നുണ്ട്.ആഭ്യന്തര യുദ്ധം സുഡാനിലെ 4 കോടിയിലധികം ആളുകളെയാണ് ബാധിച്ചത്.കലാപത്തിനു പിന്നാലെ 75 ലക്ഷത്തിലധികം പേർ ഭവന രഹിതരായി. ആഗോളതലത്തിൽ ഏറ്റവും വലിയ കുടിയിറക്കൽ ഭീഷണി നേരിടുന്ന രാജ്യമാണ് സുഡാൻ.