കെ.പി.രാജീവന്‍
ന്യൂഡല്‍ഹി: ഒരു വനിത എം.പിയോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചെന്ന് ആരോപിച്ച് മെഹുവ മൊയ്ത്ര എം.പി എത്തിക്‌സ് കമ്മിറ്റി ഹിയറിംഗ് ബഹിഷ്‌ക്കരിച്ചു. കമ്മിറ്റി വൃത്തികെട്ട ചോദ്യങ്ങള്‍ ചോദിച്ചതായി ആരോപിച്ച് ഹിയറിംഗ് പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇറങ്ങിപ്പോയി. എന്നാല്‍ ഹിയറിംഗിനെത്തിയ മെഹുവ മൊയ്ത്ര എം.പി അണ്‍പാര്‍ലമെന്ററിയായ വാക്കുകള്‍ ഉപയോഗിച്ചെന്ന് എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് സോങ്കര്‍ എം.പി ആരോപിച്ചു. കമ്മിറ്റിയുമായി സഹകരിക്കുന്നതിന് പകരം അവര്‍ മോശം വാക്കുകള്‍ ഉപയോഗിക്കുകയായിരുന്നു. അദ്ദേഹം വ്യക്തമാക്കി.
കമ്മിറ്റിക്കും ചെയര്‍മാനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച മെഹുവ ദര്‍ശന്‍ ഹിരാനന്ദാനിയുടെ ആരോപങ്ങങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഇറങ്ങി പോകുകയായിരുന്നു. സോങ്കാര്‍ വ്യക്തമാക്കി. പ്രതിപക്ഷ എം.പിമാരായ ഡാനിഷ് അലി, ഗിര്‍ധാരി യാദവ് എന്നിവരും കമ്മിറ്റിക്കെതിരെ കടുത്ത രോഷപ്രകടനം നടത്തുകയായിരുന്നു. അദ്ദേഹം ആരോപിച്ചു.
ചോദ്യങ്ങള്‍ ഗൂഢലക്ഷ്യത്തോടെയെന്ന് മെഹുവ
ഗൂഢലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് എത്തിക്‌സ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് മെഹുവ ആരോപിച്ചു. കമ്മിറ്റി ചെയര്‍മാന്‍ പക്ഷപാതിത്വത്തോടെ പെരുമാറുകയാണ്. വൃത്തികെട്ട ചോദ്യങ്ങളാണ് അവര്‍ ചോദിക്കുന്നത്. ഇതൊരു എത്തിക്‌സ് കമ്മിറ്റിയാണോ? അധാര്‍മ്മികമായ ചോദ്യങ്ങളാണ് അവര്‍ ഉന്നയിച്ചത്. എന്റെ കണ്ണുകളില്‍ കണ്ണുനീര്‍ ഇല്ല. അവര്‍ പറഞ്ഞു.
കമ്മിറ്റിയുടെ ചോദ്യങ്ങള്‍ മാന്യതയില്ലാത്തതായിരുന്നുവെന്ന് കമ്മിറ്റി അംഗവും കോണ്‍ഗ്രസ് എം.പിയുമായ ഉത്തം കുമാര്‍ റെഡ്ഡി പറഞ്ഞു. മെഹുവയുടെ ഫോണ്‍ രേഖകള്‍ കമ്മിറ്റി ചോദിച്ചതായും അവരുടെ യാത്രകളെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞതായും ഉത്തം കുമാര്‍ വ്യക്തമാക്കി.
പെരുമാറ്റം അപലപനീയമെന്ന് ബി.ജെ.പി
മെഹുവ മൊയ്ത്ര എം.പിയുടെ പെരുമാറ്റം അപലപനീയമെന്ന് ബി.ജെ.പി എം.പി അപരാജിത സാരംഗി പറഞ്ഞു. കമ്മിറ്റി അംഗങ്ങളോട് അവര്‍ മോശം പരാമര്‍ശം നടത്തി. വളരെ രഹസ്യാത്മകമായ നടപടിക്രമങ്ങളാണ് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെത്. എന്നാല്‍ കമ്മിറ്റിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ അവര്‍ പുറത്ത് വന്ന് പറഞ്ഞത് തന്നെ തെറ്റാണ്. സാരംഗി ആരോപിച്ചു. ദര്‍ശന്‍ ഹിരനന്ദാനിയുടെ ആരോപണങ്ങളെ കുറിച്ചുള്ള ചെയര്‍മാന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അവര്‍ തയ്യാറായില്ല. അപരാജിത സാരംഗി പറഞ്ഞു.