ഇടുക്കി: ചിന്നക്കനാലില്‍ മൂന്നാര്‍ ദൗത്യ സംഘം വീണ്ടും കയ്യേറ്റ ഭൂമി ഒഴിപ്പിച്ചു. സിമന്റ് പാലത്തിനു സമീപം 2.2 ഏക്കര്‍ കൃഷി ഭൂമിയാണ് ഒഴിപ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചത്. അടിമാലി സ്വദേശി ജോസ് ജോസഫ് കയ്യേറ്റി കൃഷി നടത്തിയിരുന്ന സ്ഥലമാണ് ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചത്.
റവന്യൂ പുറമ്പോക്കും ആനയിറങ്കല്‍ ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയിലുള്ള കെഎസ്ഇബി ഭൂമിയും കയ്യേറിയാണ് കൃഷി നടത്തിയിരുന്നത്. താമസിക്കാന്‍ ഷെഡും നിര്‍മ്മിച്ചിരുന്നു. ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ ജില്ല കളക്ടര്‍ക്കടക്കം അപ്പീല്‍ നല്‍കിയിരുന്നു. ഇത് തള്ളിയതിന് പിന്നാലെയാണ് ശനിയാഴ്ച രാവിലെ ഒഴിപ്പിക്കല്‍ നടത്തിയത്.
ഇവര്‍ താമസിച്ചിരുന്ന ഷെഡില്‍ നിന്നും 30 ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഒഴിപ്പിക്കല്‍ തുടരുമെന്ന് ദൗത്യ സംഘം അറിയിച്ചു. അതേ സമയം വന്‍കിടക്കാരെ ഒഴിവാക്കി ചെറുകിടക്കാരെ മാത്രം ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. രണ്ടാഴ്ചക്കുളളില്‍ ഉടുമ്പന്‍ചോല, ദേവികുളം എന്നീ താലൂക്കുകളിലെ 231.96 ഏക്കര്‍ കയ്യേറ്റ ഭൂമിയാണ് റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്. വരും ദിവസങ്ങളിലും നടപടി തുടരാനാണ് ദൗത്യ സംഘത്തിന്റെ തീരുമാനം.