തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സർവകാല റെക്കോർഡിൽ.തിങ്കളാഴ്ച വൈകീട്ട് ആറുമണി മുതൽ പത്തുമണി വരെയുള്ള പീക്ക് അവറിൽ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. 2023 ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ട് ആണ് ഇതോടെ മറികടന്നത്. 100ദശലക്ഷം യൂണിറ്റാണ് തിങ്കളാഴ്ച്ചത്തെ മാത്രം ആകെ വൈദ്യുതി ഉപഭോഗം.
വൈദ്യുതി ഉപഭോഗം ഈ നിലയിൽ തുടർന്നാൽ വൈദ്യുതി ക്ഷാമം, സാമ്പത്തിക ബാധ്യത അടക്കം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിലാണ് കെഎസ്ഇബി. നിലവിൽ വൈദ്യുതി കരാറുകൾ റദ്ദാക്കിയതിനെ തുടർന്ന് ഉയർന്ന വില കൊടുത്താണ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത്. പീക്ക് സമയത്ത് ആറുകോടി രൂപയാണ് ഇതിനായി കെഎസ്ഇബി ചെലവഴിക്കുന്നത്. വൈദ്യുതി ഉപഭോഗം ഈ നിലയിൽ തുടർന്നാൽ ഇത് ബാധ്യതയായി മാറുമെന്ന ആശങ്കയിലാണ് കെഎസ്ഇബി.
ഇങ്ങനെ പോയാൽ സംസ്ഥാനം വൈദ്യുത ക്ഷാമത്തിലേക്ക് പോകുന്നതിനും, വൈദ്യുതി കടമെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലേക്ക് എത്തിപ്പെടുന്നതിനുമെല്ലാം കാരണമാകാം. അതിനാൽ തന്നെ വൈദ്യുതി ഉപഭോഗം നിയന്ത്രണവിധേയമാക്കണമെന്ന് ആവശ്യപ്പെടുകയാണ് കെഎസ്ഇബി.സംസ്ഥാനത്ത് ഉയർന്ന ചൂട് അനുഭവപ്പെടുന്നതോടെ എസി ഉപഭോഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചിലവുണ്ടാകാൻ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂചന.