തിരുവനന്തപുരം: രണ്ട് മാസം വൈദ്യുതി 100 യൂണിറ്റ് ഉപയോഗിച്ച ഉപയോക്താക്കള്‍ക്ക് ഇനി 386 ന് പകരം അടക്കേണ്ടത് 406 രൂപ. 20 രൂപയുടെ അധിക ബാധ്യത വരും.
റഗുലേറ്ററി കമ്മീഷന്റെ ഉത്തരവിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 600 യൂണിറ്റ് വരെ ഉപയോഗിച്ചവര്‍ 4070 ന് പകരം 4250 രൂപയാണ് നല്‍കേണ്ടത്. അതായത് 180 രൂപയുടെ വര്‍ധനവ്.
രണ്ട് മാസം കൂടുമ്പോള്‍ വരുന്ന ബില്ലില്‍ 20 മുതല്‍ 200 രൂപ വരെ ഉപയോക്താക്കള്‍ക്ക് അധികം നല്‍കേണ്ടി വരും. 200 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 40 രൂപയാണ് അധിക ബാധ്യത വരുന്നത്. അതായത് 820 രൂപ 860 രൂപയായി വര്‍ധിച്ചിട്ടുണ്ട്.
300 യൂണിറ്റില്‍ 1350 ല്‍ നിന്ന് അധിക ബാധ്യതയായ 66 രൂപ കൂട്ടി 1416 രൂപയാണ് നല്‍കേണ്ടത്. 400, 500 യൂണിറ്റുകളിലെല്ലാം എത്തുമ്പോള്‍ യഥാക്രമം 96, 116 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് ആണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ഫിക്‌സഡ് ചാര്‍ജുകളിലും വര്‍ധനവ് ഉണ്ടായി. ചെറുകിട വ്യവസായങ്ങള്‍ക്ക് 2.3%, കൃഷി ആവശ്യങ്ങള്‍ക്ക് 6%, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 1.10% എന്നിങ്ങനെ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. തെരുവ് വിളക്കുകളുടെ വൈദ്യുതി നിരക്കില്‍ 3.8% കൊച്ചി മെട്രോ റെയില്‍വേയുടെ നിരക്ക് 1.6% വര്‍ധിപ്പിച്ചു.
ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകളുടെയും ചെറിയ പെട്ടിക്കടകളുടേയും ഫിക്‌സഡ് ചാര്‍ജില്‍ 10 രൂപ വര്‍ധനവുണ്ട്. സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ എന്നിവയ്‌ക്കെല്ലാം 10 രൂപ കൂട്ടി.
സംസ്ഥാന- കേന്ദ്ര ഓഫീസുകളിലും ജല അതോറിറ്റിയുടേയും ഫിക്‌സഡ് ചാര്‍ജില്‍ 15 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്.കോഴി- കന്നുകാലി വളര്‍ത്തല്‍, അലങ്കാര മത്സ്യകൃഷി തുടങ്ങിയ സംരംഭങ്ങളില്‍ ഫിക്‌സഡ് ചാര്‍ജ് 5 രൂപയും എനര്‍ജി ചാര്‍ജ് യൂണിറ്റിന് 10 പൈസയും കൂട്ടിയിട്ടുണ്ട്.