ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബിജെപി ഒരിടത്തും ജയിക്കാന്‍ പോകുന്നില്ല. എക്സിറ്റ്പോള്‍ ഫലങ്ങള്‍ക്ക് പ്രസക്തിയില്ല. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. തെലങ്കാനയില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലെയും ഫലപ്രഖ്യാപനം ഡിസംബര്‍ മൂന്നിനായിരിക്കും നടക്കുക.
അഞ്ച് സംസ്ഥാനങ്ങളില്‍ നിലവില്‍ മധ്യപ്രദേശില്‍ മാത്രമാണ് ബി.ജെ.പി ഭരണമുള്ളത്. 2018 ലെ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് 99 സീറ്റും ബി.ജെ.പി 73 സീറ്റുമാണ് നേടിയത്. ബി.എസ്.പിയുടെയും സ്വതന്ത്രന്‍മാരുടെയും പിന്തുണയോടെയായിരുന്നു ഗെലോട്ട് സര്‍ക്കാര്‍ രൂപീകരിച്ചത്.