നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനങ്ങളില്‍ ഉന്നത നേതാക്കളെ രംഗത്തിറക്കി ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന ഛത്തീസ്ഗഡിലും തെലങ്കാനയിലും പ്രധാനമന്ത്രി അടക്കമുള്ള ഉന്നത നേതാക്കളെ പ്രചാരണത്തിന് ഇറക്കി ബിജെപി.

author-image
Web Desk
New Update
നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനങ്ങളില്‍ ഉന്നത നേതാക്കളെ രംഗത്തിറക്കി ബിജെപി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന ഛത്തീസ്ഗഡിലും തെലങ്കാനയിലും പ്രധാനമന്ത്രി അടക്കമുള്ള ഉന്നത നേതാക്കളെ പ്രചാരണത്തിന് ഇറക്കി ബിജെപി. തെലങ്കാനയിലെ കൊട്ടിക്കലാശ ദിനത്തിലെ റോഡ് ഷോയില്‍ പ്രധാനമന്ത്രി അടക്കമുളള ഉന്നതര്‍ പങ്കെടുക്കും.

ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ കോണ്‍ഗ്രസിനെതിരായ ആക്രമണം പ്രധാനമന്ത്രി തുടരുകയാണ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് എതിരെ മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് പ്രധാനമന്ത്രി ഉന്നയിക്കുന്നത്. കോണ്‍ഗ്രസിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

തെലങ്കാനയിലെ നേതൃത്വത്തിനുള്ളിലുള്ള അസ്വാരസ്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ ബിജെപിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് ശക്തി പ്രാപിക്കുന്നെന്ന സര്‍വേ ഫലങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

നവംബര്‍ 30 നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ് നടക്കുന്നത്. തെലങ്കാനയില്‍ ഈ മാസം 25 മുതല്‍ 27 വരെ നടക്കുന്ന പൊതു റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവരും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തും. സംസ്ഥാന നേതൃത്വത്തെ മറികടന്ന് നേരിട്ട് പ്രചരണ ചുമതല ഏറ്റെടുക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം.

 

Latest News national news election news