റായ്പുര്‍: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഛത്തീസ്ഗഡില്‍ ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. ബിജെപിയുടെ പ്രകടനപത്രിക തങ്ങളുടേത് പകര്‍ത്തി എഴുതിയതാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെപേരില്‍ സൗജന്യങ്ങള്‍ വാരിക്കോരി പ്രഖ്യാപിക്കുന്നെന്ന് വിമര്‍ശിക്കുന്നവര്‍ അതേ വാഗ്ദാനങ്ങളില്‍ അടയിരിക്കുകയാണെന്ന് എ.ഐ.സി.സി. ജനറല്‍സെക്രട്ടറി ജയറാം രമേഷ് കുറ്റപ്പെടുത്തി.
വിവാഹിതരായ സ്ത്രീകള്‍ക്കും ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്കും വാര്‍ഷിക സാമ്പത്തികസഹായം, നെല്ല് സംഭരണത്തിന് ക്വിന്റലിന് 3100 രൂപ, പാവപ്പെട്ടവര്‍ക്ക് 500 രൂപയ്ക്ക് പാചകവാതക സിലിന്‍ഡര്‍ തുടങ്ങിയവയാണ് ബി.ജെ.പി. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. പാചകവാതക സിലിന്‍ഡറും നെല്ല് സംഭരണവിലയുമടക്കമുള്ളവ കോണ്‍ഗ്രസ് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളാണ്. രാഹുല്‍ഗാന്ധി ഇവയെ കോണ്‍ഗ്രസ് ഗാരന്റി എന്ന് വിശേഷിപ്പിച്ചപ്പോള്‍ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ മോദിയുടെ ഗാരന്റിയെന്ന് പറയുന്നതെന്നും ജയറാം രമേഷ് കുറ്റപ്പെടുത്തി.