2024 ലെ തിരഞ്ഞെടുപ്പ്: തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി ബി.ജെ.പി ദേശീയ യോഗം

പരമാവധി വിട്ട് വീഴ്ച്ച ചെയ്ത് ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമ്പോള്‍, മറുതന്ത്രമൊരുക്കി ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ ഭാരവാഹി യോഗം ചേര്‍ന്നു.

author-image
Web Desk
New Update
2024 ലെ തിരഞ്ഞെടുപ്പ്: തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി ബി.ജെ.പി ദേശീയ യോഗം

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: പരമാവധി വിട്ട് വീഴ്ച്ച ചെയ്ത് ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമ്പോള്‍, മറുതന്ത്രമൊരുക്കി ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ ഭാരവാഹി യോഗം ചേര്‍ന്നു. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ്, സംഘടന ജനറല്‍ സെക്രട്ടറി, പാര്‍ട്ടി ദേശീയ ഭാരവാഹികള്‍, മോര്‍ച്ചകളുടെ സംസ്ഥാന പ്രസിഡന്റുമാര്‍ എന്നിവരാണ് രണ്ട് ദിവസമായി നടന്ന യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ലഭിച്ച വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിരവധി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയതായി അറിയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ അദ്ദേഹം യോഗത്തിന് മുന്നില്‍ വച്ച ഒട്ടേറെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ലോകസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അമിത് ഷാ യോഗത്തില്‍ പ്രത്യേക ക്ലാസ് എടുത്തു.

ബൂത്തുകളില്‍ 10 ശതമാനം വോട്ട് വര്‍ദ്ധിപ്പിക്കണം

ലോകസഭ തിരഞ്ഞെടുപ്പില്‍ ഓരോ ബൂത്തിലും നിലവിലുള്ളതിനെക്കാള്‍ കുറഞ്ഞത് 10 ശതമാനം വോട്ടുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് തീരുമാനിച്ചു. ഇത് സംബന്ധിച്ച വിഷയം അവതരിപ്പിച്ചത് ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവഡെയായിരുന്നു. തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലേറെ വോട്ട് ഉറപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം വിനോദ് താവഡെ യോഗത്തില്‍ ചൂണ്ടിക്കാട്ടി. വോട്ടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബൂത്ത് മാനേജ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച കാര്യവും ഇതിന്റെ നല്ല ഉദാഹരണങ്ങളായി യു.പിയിലെയും മദ്ധ്യപ്രദേശിലെയും സംഘടന സംവിധാനം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതും യോഗത്തില്‍ വിനോദ് താവഡെ വിശദീകരിച്ചു.

വികസിത സങ്കല്പ് യാത്രയെ കുറിച്ചാണ് ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍ യോഗത്തില്‍ അവതരണം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള പദ്ധതിയുടെ ഇതു വരെയുള്ള റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തു.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രകടനം മോശമായ 160 മണ്ഡലങ്ങളിലെ ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. സമൂഹ മാദ്ധ്യമങ്ങള്‍, നമോ ആപ്പ്, വിശ്വകര്‍മ്മ പദ്ധതി, അയോദ്ധ്യയിലെ രാമപ്രതിഷ്ഠ എന്നിവ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നു. പുതിയ സ്ഥാനങ്ങളിലെത്തിയ നേതാക്കള്‍ക്ക് പാര്‍ട്ടി പരിശീലനം നല്‍കും.

ഒരു മിഷന്‍ മോഡില്‍ പ്രവര്‍ത്തിക്കുക: നരേന്ദ്ര മോദി

ഒരു മിഷന്‍ മോഡില്‍ പ്രവര്‍ത്തിച്ചാല്‍ 2024 ല്‍ കൂടുതല്‍ ലോകസഭ സീറ്റുകള്‍ നേടാനാകുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമായി പ്രതിപക്ഷത്തിന്റെ നിഷേധാത്മക നടപടികള്‍ വസ്തുതകള്‍ സഹിതം വിശദീകരിക്കണം. യു.പി.എ സര്‍ക്കാരും എന്‍.ഡി.എ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, ദരിദ്രര്‍ എന്നീ നാല് ജാതികളാണ് എനിക്ക് മുന്നിലുള്ളത്. അവരുടെ പ്രശ്‌നങ്ങളേറ്റെടുത്ത് അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോള്‍ ഞാന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വോട്ടര്‍മാര്‍ അത് അംഗീകരിക്കുകയായിരുന്നു. പ്രധാനമന്ത്രി വിശദീകരിച്ചു.

india BJP national meet election 2024