കോഴിക്കോട്: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണക്കായി പുതുപള്ളി മണ്ഡലം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിക്ക് എഡ്യുക്കേഷന്‍ പിന്തുണയുമായി പ്രമുഖ കൊമേഴ്‌സ് പരിശീലന കേന്ദ്രമായ 'ഇലാന്‍സ്'.
'ഉമ്മന്‍ചാണ്ടി വിദ്യാജ്യോതി പദ്ധതി' എന്ന് പേരിട്ട ഈ പദ്ധതിയിലൂടെ പുതുപ്പള്ളി നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെ രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യാന്‍ കഴിയുന്ന പ്രൊഫഷണലുകളാക്കിമാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ പരിശീലനകേന്ദ്രമായ 'ഇലാന്‍സ് ലേണിംഗ് പ്രൊവൈഡറെ' തെരഞ്ഞെടുത്തിരിക്കുന്നതെന്ന് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ചാണ്ടി ഉമ്മന്‍ എം.എല്‍.എ അറിയിച്ചു.
ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന 'ക്യൂട്ട് കരിയര്‍ ക്ലബ്ബി'ലെ അംഗങ്ങള്‍ക്കാണ് ഓറിയന്റേഷന്‍ ക്ലാസുകളടക്കമുള്ള പരിശീലനം നല്‍കുക. ഏപ്രില്‍, മെയ് മാസങ്ങളിലാണ് 'ഇലാന്‍സി'ലെ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പരിശീലന ക്ലാസുകള്‍ ആരംഭിക്കുക.
മണ്ഡലത്തില്‍ നിന്നും പരമാവധി വിദ്യാര്‍ത്ഥികളെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തിക്കുന്ന ഈ പദ്ധതിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മലയാളികളായ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടണ് ഇത്തരം പദ്ധതികളുടെ ഭാഗമാകുന്നതെന്നും 'ഇലാന്‍സ്' സി.ഇ.ഒ പി.വി. ജിഷ്ണു അറിയിച്ചു.