കണ്ണൂര്‍: നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ വിമാനയാത്ര ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇന്‍ഡിഗോ വിമാനക്കമ്പനി യാത്രവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇപി ജയരാജന്‍ കമ്പനി വിമാനം ബഹിഷ്‌കരിച്ച് ട്രെയിനിലായിരുന്നു യാത്ര ചെയ്തിരുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍- തിരുവനന്തപുരം സര്‍വീസ് തുടങ്ങിയതോടെയാണ് ജയരാജന്‍ വീണ്ടും വിമാനയാത്ര ആരംഭിച്ചത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു ജയരാജന്‍ കണ്ണൂരിലേക്ക് വിമാനത്തില്‍ യാത്ര ചെയ്തത്.
കഴിഞ്ഞ ജൂണ്‍ 13 നായിരുന്നു ഇന്‍ഡിഗോ കമ്പനി ഇ പി ജയരാജന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനും പ്രതിരോധത്തിനും പിന്നാലെ ആയിരുന്നു ഇന്‍ഡിഗോയുടെ നടപടി.
വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും അവരെ തള്ളി വീഴ്ത്തിയ ജയരാജനെതിരെയും കമ്പനി നടപടി എടുത്തിരുന്നു. ഇപിയെ മൂന്നാഴ്ചത്തേക്കും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രണ്ടാഴ്ചത്തേക്കും ഇന്‍ഡിഗോ വിലക്കി. എന്നാല്‍ ഈ വിലക്ക് കഴിഞ്ഞിട്ടും ഇപി പിന്നീട് ഇന്‍ഡിഗോയില്‍ കയറിയിട്ടില്ലായിരുന്നു.
ഇന്‍ഡിഗോ കമ്പനി മാത്രമായിരുന്നു നേരത്തെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാന സര്‍വീസ് നടത്തിയിരുന്നത്. ഈ മാസം എട്ടുമുതലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍-തിരുവനന്തപുരം സെക്ടറില്‍ സര്‍വീസ് ആരംഭിച്ചത്.