ചാലക്കുടി: ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് നിധിന്‍ പുല്ലനെ കാപ്പ ചുമത്തി 6 മാസത്തേക്കു നാടു കടത്തും. പൊലീസ് ജീപ്പ് തല്ലിത്തകര്‍ത്ത കേസില്‍ ഡിഐജി എസ്. അജിതാബീഗം ഉത്തരവിട്ടത്.
കേസില്‍ നിധിനെ അറസ്റ്റ് ചെയ്തിരുന്നു. 54 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിധിന് തൃശൂര്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
ഡിസംബര്‍ 22 നാണ് സംഭവം. ഗവ. ഐടിഐയിലെ എസ്എഫ്‌ഐയുടെ വിജയാഹ്ലാദ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിധിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പിന്റെ ബോണറ്റിന് മുകളില്‍ കയറി ജീപ്പ് തകര്‍ത്തുവെന്നാണ് കേസ്.
അന്നു തന്നെ പൊലീസ് നിധിനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, സിപിഎം ഏരിയ സെക്രട്ടറി കെ.എസ്.അശോകന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മോചിപ്പിക്കുകയായിരുന്നു.
5 പൊലീസ് ഉദ്യോഗസ്ഥരുമായി ഓടിക്കൊണ്ടിരുന്ന ജീപ്പാണ് ആക്രമിച്ചത്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകളാണു നിധിനെതിരെ ചുമത്തിയിട്ടുള്ളത്.