'നിശാന്തതയുടെ കാവല്‍ക്കാ'രിലെ 'പറവ'കള്‍ അറസ്റ്റില്‍; 15 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു

സോഷ്യല്‍ മീഡിയ വഴി 'നിശാന്തതയുടെ കാവല്‍ക്കാര്‍ ' എന്ന പ്രത്യേക തരം ഗ്രൂപ്പ് ഉണ്ടാക്കി മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്.

author-image
Web Desk
New Update
'നിശാന്തതയുടെ കാവല്‍ക്കാ'രിലെ 'പറവ'കള്‍ അറസ്റ്റില്‍; 15 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു

തൃക്കാക്കര: എറണാകുളം നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. മട്ടാഞ്ചേരി സ്റ്റാര്‍ ജംഗ്ഷന്‍ സ്വദേശി പുളിക്കല്‍പറമ്പില്‍ വീട്ടില്‍, പി.എ ഇസ്തിയാഖ് (26), ഇടപ്പള്ളി നോര്‍ത്ത് കൂനംതൈ സ്വദേശി പൂകൈതയില്‍ വീട്ടില്‍ അഹാന (26) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 15 ലക്ഷത്തോളം വില വരുന്ന 194 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. 9000 രൂപ, മയക്കുമരുന്ന് തൂക്കി നോക്കുന്ന ഡിജിറ്റല്‍ ത്രാസ്, ഒരു ഐ ഫോണ്‍, മൂന്ന് സ്മാര്‍ട്ട് ഫോണ്‍ എന്നിവയും ഇവരില്‍ നിന്ന് എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു.

ഉപയോക്താക്കള്‍ക്കിടയില്‍ 'പറവ'എന്നാണ് ഇരുവരും അറിയപ്പെട്ടിരുന്നത്. ട്രാന്‍സ്ജന്റേഴ്സിന്റെ ഇടയില്‍ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ വഴി 'നിശാന്തതയുടെ കാവല്‍ക്കാര്‍ ' എന്ന പ്രത്യേക തരം ഗ്രൂപ്പ് ഉണ്ടാക്കി മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്.

പകല്‍ സമയം മുഴുവന്‍ മുറിയില്‍ തന്നെ ചിലവഴിക്കുന്ന ഇവര്‍ അര്‍ദ്ധരാത്രിയോട് കൂടി ഉപഭോക്താക്കളില്‍ നിന്ന് ഓണ്‍ലൈനായി പണം വാങ്ങിയ ശേഷം മയക്കുമരുന്നുകള്‍ പ്രത്യേക തരം പാക്കറ്റുകളിലാക്കി ഓരോ ലൊക്കേഷനുകളില്‍ ഇടും. ലൊക്കേഷനും മയക്കുമരുന്നിന്റെ ഫോട്ടോയും ഇടപാടുകാര്‍ക്ക് അയച്ചുകൊടുക്കുകയുമാണ് ഇവരുടെ രീതി.

കാക്കനാട് പടമുകളിലെ അപ്പാര്‍ട്ട്‌മെന്റില്‍ സംഘത്തിലെ രണ്ടു പേരുണ്ടെന്നു മനസ്സിലാക്കിയ എക്‌സൈസ് സംഘം ഫ്‌ളാറ്റില്‍ പരിശോധനയ്‌ക്കെത്തി. എക്‌സൈസിനെ കണ്ട് അക്രമാസക്തരായ ഇരുവരെയും ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന മയക്കുമരുന്ന് ശ്യംഖലയില്‍പ്പെട്ട 'മസ്താന്‍' എന്ന് വിളിപ്പേരുള്ളയാളില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഇവര്‍ വെളിപ്പെടുത്തി.

പിടിയിലായതിന് ശേഷവും മയക്കുമരുന്ന് ആവശ്യപ്പെട്ട് നിരവധി യുവതീയുവാക്കള്‍ ഇവരുടെ ഫോണിലേക്ക് വിളിച്ചിരുന്നു. കൊച്ചിയില്‍ തമ്പടിച്ചിരിക്കുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഇവരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചിരുന്ന യുവതീയുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ എക്‌സൈസിന്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നതാണെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

അങ്കമാലി ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗ്ഗീസ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദ്, ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത്കുമാര്‍, ജിനീഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എന്‍.ഡി.ടോമി, സരിതാ റാണി, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഇ.ഒ മാരായ സി.കെ.വിമല്‍ കുമാര്‍, കെ.എ. മനോജ്, മേഘ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

kerala police kochi excise