കൊച്ചി: അങ്കമാലിയില്‍ വന്‍ രാസലഹരി വേട്ട. ഇരുപത്തിയഞ്ച് ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര്‍ പോലീസ് പിടിയില്‍. ഞാറയ്ക്കല്‍ വളപ്പില്‍ താമസിക്കുന്ന മട്ടാഞ്ചേരി ചക്കരയിടുക്ക് കുറുങ്ങാട്ടില്‍ ഫൈസല്‍ (48), ചക്കരയിടുക്ക് കാട്ടൂക്കാരന്‍ കുഞ്ഞുമുഹമ്മദ് (48) എന്നിവരെയാണ് ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശേധനയില്‍ അങ്കമാലി ടി.ബി ജംഗ്ഷനില്‍ വച്ചാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. കൈ കാണിച്ച് നിര്‍ത്താതിരുന്ന ഇവരെ പിന്തുടര്‍ന്നാണ് പിടികൂടിയത്. ഇരുചക്ര വാഹനത്തില്‍ ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ രാസലഹരി കൊണ്ടുവന്നത്.
കയ്യുറയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. കൊച്ചി സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍ക്കുകയായിരുന്നു ലക്ഷ്യം.