ഒരു കേന്ദ്രത്തില്‍ 50 ടെസ്റ്റുകള്‍ മാത്രം; ഗണേഷ് കുമാറിന്റെ നിർദേശത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ

ഒരു കേന്ദ്രത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് 50 പേർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം

author-image
Greeshma Rakesh
New Update
ഒരു കേന്ദ്രത്തില്‍ 50 ടെസ്റ്റുകള്‍ മാത്രം; ഗണേഷ് കുമാറിന്റെ നിർദേശത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ.ഒരു കേന്ദ്രത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് 50 പേർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.

 

എണ്ണം ഇത്തരത്തിൽ പരിമിതപ്പെടുത്തിയാൽ ഡ്രൈവിംഗ് ടെസ്റ്റ് പൂർണമായും ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്‌ക്രടേഴ്‌സ് ആന്റ് വർക്കേഴ്‌സ് അസോസിയേഷൻ.സംസ്ഥാനത്തെ 86 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലും പ്രതിഷേധം നടത്താനും ലേണേഴ്‌സ് ലൈസൻസ് ഫീ ഒരാഴ്ചത്തേക്ക് അടയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ.നിലവിൽ തീയതി കിട്ടിയ എല്ലാവർക്കും ടെസ്റ്റ് നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം.

ദിവസം 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കെ ബി ഗണേഷ് കുമാർ പറഞ്ഞത്. സാധാരണ 100 മുതൽ 180 പേർക്കാണ് ഒരു ദിവസം ടെസ്റ്റ്. ഇത് 50 ആയി ചുരുക്കുമ്പോൾ ആരെ ഒഴിവാക്കും, അതിന് എന്ത് മാനദണ്ഡം, ഒഴിവാക്കുന്നവർക്ക് പുതിയ തീയതി എങ്ങനെ നൽകുമെന്നുളള ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരമില്ല.

മെയ് ഒന്ന് മുതൽ പുതിയ രീതിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നുള്ള ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നു. പുതിയ ട്രാക്കിൽ പരീക്ഷ നടത്തേണ്ടത് 30 പേർക്ക് മാത്രമാണ്. ട്രാക്ക് നിർമ്മിക്കാനുള്ള ചെവല് ആര് വഹിക്കും, ടെസ്റ്റ് 30 ആയി ചുരുക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവയിൽ തീരുമാനമാകാതിരിക്കുമ്പോഴാണ് മന്ത്രി ഗണേഷ് കുമാറിന്റെ പുതിയ വിചിത്ര നിർദ്ദേശം.

kerala news protest ganesh kumar driving test kerala driving school owners association