തിരുവനന്തപുരം: കൊല്ലം സ്വദേശിയായി ഡോ. റുവൈസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഡോ. ഷഹനയുടെ ആത്മഹത്യാ കുറിപ്പ്. പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഡോ. ഷഹനയുടെ ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശങ്ങളുള്ളത്. സ്ത്രീധന മോഹം കാരണം എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു അവന്റെ ഉദ്ദേശം.
ഒന്നര കിലോ സ്വര്‍ണവും ഏക്കറുകണക്കിന് വസ്തുവും ചോദിച്ചാല്‍ കൊടുക്കാന്‍ എന്റെ വീട്ടുകാരുടെ കൈയില്‍ ഇല്ല... എന്നിങ്ങനെയാണ് ഷഹനയുടെ ആത്മഹത്യാ കുറിപ്പ്. റുവൈസിന്റെ ഫോണിലേക്കും ഷഹന ഈ സന്ദേശങ്ങള്‍ അയച്ചിരുന്നു. എന്നാല്‍, സന്ദേശങ്ങളെല്ലാം റുവൈസ് ഡിലീറ്റ് ചെയ്തു.
അതിനിടെ, ആത്മഹത്യാക്കുറിപ്പില്‍ റുവൈസിന്റെ പേരു പരാമര്‍ശിച്ചിരുന്നതായും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യം പൊലീസ് തുടക്കത്തില്‍ മറച്ചുവച്ചു.
ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശവും ഷഹനയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയുമാണ് ഡോ. റുവൈസിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഐപിസി 306 (ആത്മഹത്യാ പ്രേരണ), സ്ത്രീധന നിരോധന നിയമം സെക്ഷന്‍ 4 എന്നിവ അനുസരിച്ചാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്.