തിരുവനന്തപുരം: ഈ വര്‍ഷത്തെ ഡോ. പി. പല്പു ഫൗണ്ടേഷന്‍ പുരസ്‌കാരം പ്രമുഖ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. പി. ചന്ദ്രമോഹന് സമ്മാനിച്ചു. ഡോ. പി. പല്പുവിന്റെ 160-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഡോ. പി. പല്പു ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് മന്ത്രി വി എന്‍ വാസവനാണ് പുരസ്‌കാരം നല്‍കിയത്.
ശ്രീനാരായണ ഗുരുദേവന്‍ കഴിഞ്ഞാല്‍ കേരള സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി പോരാട്ടം നടത്തിയ മഹദ് വ്യക്തിയായിരുന്നു ഡോ. പല്പുവെന്ന് മന്ത്രി പറഞ്ഞു. സ്വന്തം വിജ്ഞാന ശക്തി കൊണ്ട് സമൂഹത്തിലെ അനീതികളെ ചെറുത്ത വിപ്ലവകാരിയായിരുന്നു അദ്ദേഹം. തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടത്തിയ വൈദ്യശാസ്ത്ര പരിശീലനത്തില്‍ നാലാമനായിട്ടും ജാതി കാരണം അദ്ദേഹത്തിന് അവസരം നിഷേധിച്ചു. ഇതാണ് അദ്ദേഹത്തെ സാമൂഹ്യപരിഷ്‌കരണ പോരാളിയാക്കിയത്.
ഡോ. പല്പുവിന്റെ കരുണാദ്രമായ മനുഷ്യസ്‌നേഹം സ്വന്തം ജീവിതത്തിലും കര്‍മ്മമണ്ഡലത്തിലും പകര്‍ത്തിയ വ്യക്തിയാണ് ഈ വര്‍ഷത്തെ ഡോ. പല്പു ഫൗണ്ടേഷന്‍ പുരസ്‌കാരത്തിന് അര്‍ഹനായ ഡോ. പി ചന്ദ്രമോഹനെന്നും മന്ത്രി പറഞ്ഞു. ഡോ. ചന്ദ്രമോഹന്‍ സൂപ്രണ്ടായിരുന്ന കാലമാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ സുവര്‍ണ കാലഘട്ടം. ഡോ. പല്പുവിനെ അവര്‍ണ വിഭാഗക്കാരനെന്ന പേരിലാണ് അന്നത്തെ സമൂഹം മാറ്റിനിര്‍ത്തിയത്. എന്നാല്‍, തൊറാസിക് സര്‍ജറിയില്‍ അസാധാരണ വൈദഗ്ധ്യമുള്ള ഡോ. ചന്ദ്രമോഹന്റെ ശസ്ത്രക്രിയയിലൂടെ എത്രയോ സവര്‍ണ ഹൃദയങ്ങള്‍ ഇപ്പോഴും തുടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണവും കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ മുഖ്യപ്രഭാഷണവും നടത്തി. ശബരിഗിരി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വി കെ ജയകുമാര്‍, ഡോ. എന്‍ പ്രശാന്തന്‍, കെ പി ശങ്കരദാസ്, ഡോ. കെ പി ഹരിദാസ്, അഡ്വ. കെ സാംബശിവന്‍, ഡോ. ജി എസ് വിജയകൃഷ്ണന്‍, രതീഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. പി ചന്ദ്രമോഹന്‍ മറുപടി പ്രസംഗം നടത്തി. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബു സ്വാഗതവും അഡ്വ. കെ സുഗതന്‍ നന്ദിയും പറഞ്ഞു.