സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് സൗജന്യ അരി വേണ്ട പകരം പണം മതി; കേന്ദ്രത്തിനോട് കേരളം

അരിക്കുപകരം കേരളത്തിലെ ഒരു കിലോ അരിക്ക് കണക്കാക്കുന്ന വിപണിവിലയായ 28 രൂപ പ്രകാരം കേന്ദ്രം 184 കോടി രൂപ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

author-image
Greeshma Rakesh
New Update
സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് സൗജന്യ അരി വേണ്ട പകരം പണം മതി; കേന്ദ്രത്തിനോട് കേരളം

തിരുവനന്തപുരം:സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുള്ള അരി അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംഭരിക്കാന്‍ കേന്ദ്രം ചെലവിടുന്ന തുക കേരളത്തിന്് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍.നിലവില്‍ എഫ്.സി.ഐ ഗോഡൗണുകള്‍ വഴിയെത്തുന്ന സൗജന്യ അരിയാണ് സ്‌കൂള്‍ ഉച്ചഭക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.

എന്നാല്‍ അരിക്കുപകരം കേരളത്തിലെ ഒരു കിലോ അരിക്ക് കണക്കാക്കുന്ന വിപണിവിലയായ 28 രൂപ പ്രകാരം കേന്ദ്രം 184 കോടി രൂപ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഈ തുക ഉപയോഗിച്ച് സംസ്ഥാനത്ത് തന്നെ ഉച്ചഭക്ഷണത്തിനാവശ്യമായ അരി കൃഷി ചെയ്യാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ലില്‍ നിന്ന് മില്ലുകളിലൂടെ ഉല്പാദിപ്പിക്കുന്ന അരിയുടെ സ്റ്റോക്ക് ഒരു വര്‍ഷം കേരളത്തില്‍ നാലര ലക്ഷം ടണ്‍ വരും. ഇതില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നത് മൂന്നരലക്ഷം ടണ്ണാണ്.തുടര്‍ന്ന് മിച്ചം വരുന്ന അരി കെട്ടികിടന്ന് നശിച്ചുപോകാതിരിക്കാന്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നത് എന്തുകൊണ്ടും ഗുണകരമാകുമെന്നാണ് കേരളം ചൂണ്ടികാട്ടുന്നത്.

നിലവില്‍ കേരളത്തിനകത്ത് സംഭരിക്കുന്ന അരിയില്‍ മിച്ചംവരുന്നത് നശിച്ചുപോകാതെ തടയാനും ഒപ്പം കര്‍ഷകരെ സഹായിക്കാനും ഇത് സഹായിക്കുമെന്നാണ് കേരളത്തിന്റെ വാദം. കഴിഞ്ഞദിവസം ഈ ആവശ്യമുന്നയിച്ച് കേന്ദ്രത്തിന് സംസ്ഥാനസര്‍ക്കാര്‍ നിവേദനം നല്‍കിയിരുന്നു.

കേന്ദ്രം അനുവദിച്ചാല്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി സംസ്ഥാനത്ത് ഉപയോഗിക്കുന്ന സ്വന്തം അരി സംസ്ഥാനത്തിന് ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന് കേന്ദ്ര അനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഒരു വര്‍ഷം 66,000 ടണ്ണിലധികം അരി ഉച്ചഭക്ഷണ പദ്ധതിക്കായി വേണ്ടിവരുന്നുണ്ട്.ഇത് പൂര്‍ണ്ണമായും സൗജന്യമായാണ് കേന്ദ്രം അനുവദിക്കുന്നത്. എന്നാല്‍ ഇനി സൗജന്യ അരി വേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

central government kerala government rice school lunch