ന്യൂഡല്‍ഹി: ഏഴുവയസുകാരന്റെ ശ്വാസകോശത്തില്‍ തറച്ച സൂചി കാന്തം ഉപയോഗിച്ച് വിജയകരമായി പുറത്തെടുത്ത് ഡല്‍ഹി എംയിസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. രക്തസ്രാവത്തോട് കൂടിയ ചുമയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
റേഡിയോളജി പരിശോധനയില്‍ നാല് സെന്റീമീറ്റര്‍ നീളമുള്ള തയ്യല്‍ സൂചി കുട്ടിയുടെ ഇടതുശ്വാസകോശത്തില്‍ തറച്ചിട്ടുള്ളതായി കണ്ടെത്തിയിരുന്നുവെന്ന് ശിശുരോഗ വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. വിഷേഷ് ജെയ്ന്‍ പറഞ്ഞു.
സൂചി ശ്വാസകോശത്തില്‍ വളരെ ആഴത്തില്‍ തറച്ചിരുന്നതിനാല്‍ പരമ്പരാഗത ചികിത്സാ രീതികള്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൂചി സുരക്ഷിതമായി വേര്‍തിരിച്ചെടുക്കുന്നതിന് നൂതന രീതി അവലംബിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഡോ. ദേവേന്ദ്ര യാദവ് പറഞ്ഞു. തുടര്‍ന്ന് സൂക്ഷ്മമായ ആസൂത്രണത്തിലൂടെ കാന്തം ഉപയോഗിച്ച് സൂചി നീക്കം ചെയ്യാമെന്ന ധാരണയിലെത്തി. കാന്തത്തെ സുരക്ഷിതമായി സൂചിയുടെ സ്ഥാനത്ത് എത്തിക്കുക എന്നതായിരുന്നു പ്രാഥമിക ഘട്ടം. ഇതിന് ഒരു പ്രത്യേക ഉപകരണം നിര്‍മ്മിച്ചെടുത്തു.
ശ്വാസനാളത്തിന്റെ എന്‍ഡോസ്‌കോപ്പി ഉപയോഗിച്ച് ശ്വാസകോശത്തിനുള്ളിലെ സൂചിയുടെ സ്ഥാനം വിലയിരുത്തി. സൂചിയുടെ അഗ്രം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ശ്രദ്ധാപൂര്‍വ്വം കാന്തം സ്ഥാപിച്ച ഉപകരണം കടത്തിവിട്ടു. സൂചി കാന്തിക ശക്തിയോട് പ്രതികരിക്കുകയും ഉയര്‍ന്നുവരുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സൂചി എങ്ങനെയാണ് കുട്ടിയുടെ ഉള്ളില്‍ എത്തിയതെന്ന കാര്യം വ്യക്തമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.