ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയരുത്; നിർദേശവുമായി എഫ്എസ്എസ്എഐ

ഭക്ഷണ സാധനങ്ങൾ പൊതിയുന്നതിന് പത്രങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യകരമായ അപകടങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് എഫ്എസ്എസ്എഐ ബുധനാഴ്ചയാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.

author-image
Greeshma Rakesh
New Update
ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയരുത്; നിർദേശവുമായി എഫ്എസ്എസ്എഐ

ഡൽഹി: രാജ്യത്ത് ഭക്ഷ്യവസ്തുക്കൾ വിളമ്പുന്നതിനും സൂക്ഷിക്കുന്നതിനും പത്ര കടലാസുകൾ ഉപയോഗിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യുടെ നിർദേശം.ഭക്ഷണ സാധനങ്ങൾ പൊതിയുന്നതിന് പത്രങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യകരമായ അപകടങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് എഫ്എസ്എസ്എഐ ബുധനാഴ്ചയാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.

നിലവിൽ തുടർന്നുവരുന്ന രീതി ആരോഗ്യത്തിന് അപകടമാണെന്നും, അപകടങ്ങളെക്കുറിച്ച് ഉപഭോക്താക്കളെയും ഭക്ഷണ വിൽപ്പനക്കാരെയും മറ്റ് പങ്കാളികളെയും അറിയിക്കാനാണ് പുതിയ നീക്കമെന്ന് എഫ്എസ്എസ്എഐയുടെ സിഇഒ, ജി. കമല വർധന റാവു പറഞ്ഞു.പത്രങ്ങളിൽ ഉപയോഗിക്കുന്ന മഷിയിൽ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന വിവിധ ബയോ ആക്റ്റീവ് വസ്തുക്കൾ അടങ്ങിയിരിക്കുന്നു, ഇത് ഭക്ഷണത്തെ മലിനമാക്കുകയും കഴിക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

പ്രിന്റിംഗ് മഷികളിൽ ലെഡ്, ഹെവി മെറ്റലുകൾ എന്നിവയുൾപ്പെടെയുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അത് ഭക്ഷണത്തിലേക്ക് കടക്കുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങളിൽ ബാക്ടീരിയ, വൈറസുകൾ അല്ലെങ്കിൽ മറ്റ് രോഗകാരികൾ എന്നിവയാൽ മലിനമാകാൻ സാധ്യതയുണ്ടെന്നും ഇത് പലരോഗങ്ങൾക്കും കാരണമാകുമെന്നും എഫ്എസ്എസ്എഐ കൂട്ടിച്ചേർത്തു.

മാത്രമല്ല ഭക്ഷ്യവസ്തുക്കൾ പൊതിയുന്നതിനോ സൂക്ഷിക്കുന്നതിനോ പത്രങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനും പൊതുജനങ്ങൾക്കിടയിൽ ഇതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സംസ്ഥാനങ്ങളിലെ ഭക്ഷ്യമേഖല അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.

india newspaper food items fssai