ചെന്നൈ: ഡിഎംകെ ഏതെങ്കിലും പ്രത്യേക ഭാഷയ്‌ക്കോ മതത്തിനോ എതിരല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഹിന്ദി പത്രമായ ദൈനിക് ജാഗരണിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്‌ടോബർ 22 ഞായറാഴ്ച 'ഹമാരാ നാ കിസി ഭാഷാ സേ വിരോധ് ഹൈ നാ ധർമ്മ സേ' (ഡിഎംകെ ഒരു ഭാഷയെയും മതത്തെയും എതിർക്കുന്നില്ല) എന്ന തലക്കെട്ടിൽ നടത്തിയ അഭിമുഖത്തിൽ, ഹിന്ദിയും സനാതന ധർമ്മവും അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുന്ന തമിഴ്‌നാടിന്റെ നിലപാട് സ്റ്റാലിൻ വ്യക്തമാക്കി. ഇന്ത്യൻ റീഡർഷിപ്പ് സർവേ (ഐആർഎസ്) പ്രകാരം, 2019 ലെ കണക്കനുസരിച്ച്,രാജ്യത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ദിനപത്രമാണ് ദൈനിക് ജാഗരൻ.
ഡിഎംകെയുടെ പ്രത്യയശാസ്ത്രങ്ങളും തത്വങ്ങളും വ്യക്തമാക്കാനും ഉത്തരേന്ത്യൻ ജനതയിലേക്ക് എത്തിക്കാനുമുള്ള ശ്രമമായാണ് സ്റ്റാലിന്റെ അഭിമുഖം വിലയിരുത്തപ്പെടുന്നത്. സനാതന ധർമ്മ വിവാദം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്താൻ ഡിഎംകെ സ്വീകരിച്ച വഴിയാണ് അഭിമുഖമെന്നും വൃത്തങ്ങൾ പറയുന്നു.
ഡിഎംകെയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഡിഎംകെ നേതാക്കളുടെ പ്രസ്താവനകൾ വളച്ചൊടിച്ച് വർഗീയത വളർത്തുകയാണ് ബിജെപി നേതാക്കൾ. ബിജെപിയിൽ നിന്ന് കേൾക്കുന്നതിനുപകരം, ഉത്തരേന്ത്യൻ ജനതയുമായി നേരിട്ട് ബന്ധപ്പെടാൻ ഡിഎംകെ തീരുമാനിച്ചതായും വൃത്തങ്ങൾ പറഞ്ഞു.
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) വെളിപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ 7.5 കോടി രൂപയുടെ അഴിമതിയിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
ബിജെപി ഐ.ടി. സനാതന ധർമ്മത്തെക്കുറിച്ചുള്ള തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ അഭിപ്രായപ്രകടനമാണ് വിവാദം സൃഷ്ടിച്ചത്. “ജാതി വിവേചനം ഇല്ലാതാക്കുക എന്നാണ് ഉദയനിധി പറഞ്ഞത്, എന്നാൽ അത് ഹിന്ദു മതം ഇല്ലാതാക്കുക എന്ന മട്ടിൽ വളച്ചൊടിക്കപ്പെട്ടു. അതുപോലെ, വംശഹത്യ എന്ന വാക്ക് ഉദയനിധി പ്രസംഗത്തിൽ ഉപയോഗിച്ചിട്ടില്ല,” സ്റ്റാലിൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിഎംകെയെ വിമർശിക്കുന്ന സമയത്താണ് ദൈനിക് ജാഗരണിന് സ്റ്റാലിൻ അഭിമുഖം നൽകിയത്. സനാതന ധർമ്മ തർക്കം ഇനിയും ആളിക്കത്തിക്കരുതെന്ന് ഡിഎംകെ നേതാക്കളോട് ഇന്ത്യൻ സഖ്യത്തിലെ മറ്റ് കക്ഷികൾ ആവശ്യപ്പെട്ടതായി അഭിമുഖം നടത്തിയയാൾ ചൂണ്ടിക്കാട്ടിയപ്പോൾ, സഖ്യത്തിലുള്ള പാർട്ടികൾക്ക് തർക്കത്തെക്കുറിച്ച് വിശദമായ വിശദീകരണം നൽകിയെന്നും അവരുടെ അഭ്യർത്ഥന നിറവേറ്റിയെന്നും മുഖ്യമന്ത്രി മറുപടി നൽകി.
ഹിന്ദിയെ ഒരു ഭാഷയെന്ന നിലയിൽ തമിഴ്‌നാട് എതിർക്കുന്നു എന്ന തെറ്റിദ്ധാരണയെ പൊളിച്ചടുക്കിയ സ്റ്റാലിൻ, ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ മാത്രമാണ് സംസ്ഥാനം എതിർക്കുന്നതെന്നും വ്യക്തമാക്കി. മറ്റെല്ലാ സംസ്ഥാനങ്ങളും അതത് ഭാഷകൾ സംരക്ഷിക്കണമെന്നും അദ്ദേഹം വാദിച്ചു. “ഏകദേശം 50 വർഷം മുമ്പ് അന്ന തന്നെ തമിഴ്-ഇംഗ്ലീഷ് ദ്വിഭാഷാ നയം തമിഴ്നാട്ടിൽ ഉടലെടുത്തിരുന്നു.
ഇന്ന് നാം വിദ്യാഭ്യാസ വികസന സൂചികയിൽ മുന്നിലാണ്, മൂന്നാം ഭാഷയുടെ ഭാരമില്ലാത്തതിനാൽ ഇത് സാധ്യമാണ്. കേന്ദ്ര ഗവൺമെന്റിന്റെ പുതിയ വിദ്യാഭ്യാസ നയത്തിൽ (എൻഇപി ) നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തിനപ്പുറം ഞങ്ങൾ മുന്നേറി. ഞങ്ങൾ ഒരു സംസ്ഥാന നിർദ്ദിഷ്ട എൻഇപി കരട് തയ്യാറാക്കുകയാണ്, അത് സംസ്ഥാനത്ത് ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കും, ”സ്റ്റാലിൻ പറഞ്ഞു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">