ജില്ലാ സ്‌കൂള്‍ കലോത്സവം; ചൊവ്വാഴ്ച ആറ്റിങ്ങലില്‍ കൊടിയേറും

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച ആറ്റിങ്ങലില്‍ കൊടിയേറും. ആറ്റിങ്ങല്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് കുട്ടികളുടെ കലാമികവിന് സാക്ഷ്യം വഹിക്കുക.

author-image
Web Desk
New Update
ജില്ലാ സ്‌കൂള്‍ കലോത്സവം; ചൊവ്വാഴ്ച ആറ്റിങ്ങലില്‍ കൊടിയേറും

ആറ്റിങ്ങല്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച ആറ്റിങ്ങലില്‍ കൊടിയേറും. ആറ്റിങ്ങല്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് കുട്ടികളുടെ കലാമികവിന് സാക്ഷ്യം വഹിക്കുക. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ബോയ്‌സ് എച്ച്എസ്എസില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ കലോത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. ഒ.എസ്.അംബിക എംഎല്‍എ ചടങ്ങിന്റെ അധ്യക്ഷത വഹിക്കും. നാല് ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവത്തിന് ഡിസംബര്‍ 8 ന് തിരശീല വീഴും. 8 ന് വൈകിട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം അടൂര്‍ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ എസ്.കുമാരി ചടങ്ങിന്റെ അധ്യക്ഷത വഹിക്കും.

307 ഇനങ്ങളിലായി 6471 കുട്ടികളാണ് കലാവേദിയില്‍ മാറ്റുരയ്ക്കുന്നത്. ഉപജില്ലാ കലോത്സവങ്ങളില്‍ അപ്പീല്‍ നല്‍കിയവരുടെ ഫലം വരുമ്പോള്‍ മത്സരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണവും വര്‍ധിക്കും. ഗവ.ബോയ്‌സ് എച്ച്എസ്എസ്, ഗവ.ഗേള്‍സ് എച്ച്എസ്എസ്, ഡയറ്റ്, ടൗണ്‍ യുപിഎസ്, ഡിഇഒ ഓഫിസ്, ഗവ. കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി 14 വേദികളാണ് കലോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്. ബോയ്‌സ് സ്‌കൂള്‍ പരിസരത്ത് 5 ഉം, ഗേള്‍സിലും ഡയറ്റിലും 3 വീതവും വേദികളുണ്ട്. കോളജ് ഗ്രൗണ്ടിലാണ് ബാന്‍ഡ് മത്സരം. ഊട്ടുപുരയും കോളജ് ഗ്രൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്.

ജില്ല സ്‌കൂള്‍ കലോത്സവത്തിന് ആറ്റിങ്ങല്‍ വേദിയാകുന്നത് നീണ്ട 6 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 2017 ലായിരുന്നു കലോത്സവത്തിന് ആറ്റിങ്ങല്‍ ആതിഥേയത്വം വഹിച്ചത്. അന്ന് ഗവ.ഗേള്‍സ് എച്ച്എസ്എസ് ആയിരുന്നു പ്രധാന വേദി.

Latest News kerala news district school art festival