ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയും തെലങ്കാനയില്‍ കോണ്‍ഗ്രസും മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നു. കോണ്‍ഗ്രസ് അധികാരം പിടിച്ച തെലങ്കാനയില്‍ രേവന്ത് റെഡ്ഡിക്കാണ് ഏറെ സാധ്യത. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റ് പറയുമെന്ന് തെലങ്കാന കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള കെ.മുരളീധരനും പി.സി.വിഷ്ണു നഥുമടക്കമുള്ള നേതാക്കള്‍ പങ്കാളികളാണ്. മൂന്ന് നേതാക്കളെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുന്‍ പി.സി.സി. അദ്ധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി, നിലവിലെ പി.സി.സി അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി, കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഭട്ടി വിക്രമാര്‍ക്ക എന്നിവരില്‍ രേവന്ത് റെഡ്ഡിക്ക് തന്നെയാണ് നറുക്ക് വീഴുകയെന്നാണ് സൂചന.
രാജസ്ഥാനില്‍ നാല് പേരാണ് സജീവമായി രംഗത്തുള്ളത്. വസുന്ധര രാജ സിന്ധ്യ, ഗജേന്ദ്ര ഷെഖാവത്ത്, മഹന്ത് ബാലക് നാഥ്, ദിയ കുമാരി എന്നിവരിലൊരാള്‍ മുഖ്യമന്ത്രിയാകും.
മദ്ധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍, പ്രഹ്‌ളാദ് പട്ടേല്‍, ജോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇതില്‍ ചൗഹാന്‍, പട്ടേല്‍, സിന്ധ്യ എന്നിവരിലൊരാളാകും മുഖ്യമന്ത്രിയെന്നാണ് സൂചന.
ഛത്തീസ്ഗഢില്‍ പഴയ പടക്കുതിരയായ രമണ്‍ സിംഗിന് തന്നെ ചുമതല ഏല്പിക്കുമെന്നാണ് കരുതുന്നത്. ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രിയാകുന്ന രമണ്‍ സിംഗ് പിന്നീട് പുതുതലമുറയില്‍ ഒരാള്‍ക്ക് മുഖ്യമന്ത്രി പദം കൈമാറുമെന്നാണ് കരുതുന്നത്.