കംപാല: മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറും ചര്‍ച്ച നടത്തി. ഉഗാണ്ടയില്‍ ചേരിചേരാ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള കൂടിക്കാഴ്ചയിലായിരുന്നു വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ച.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ കാണാനായതില്‍ സന്തോഷം. നിലവില്‍ മാലദ്വീപില്‍ നടത്തുന്ന വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലും സാര്‍ക്ക്, ചേരിചേരാ പ്രസ്ഥാനം എന്നിവയില്‍ സഹകരണം തുടരുന്നതിലും ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കും. മൂസ സമീര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായുള്ള അസ്വാരസ്യത്തിന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളിലെയും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നത്. രാജ്യത്തുള്ള 88 ഇന്ത്യന്‍ സൈനികരെ മാര്‍ച്ച് 15ന് മുന്‍പ് പിന്‍വലിക്കണമെന്നാണ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടത്.