തിരുവനന്തപുരം: സംവിധായകൻ ഡോ. ബിജുവിനെതിരെയുള്ള പരാമർശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. വീടിന്റെ വരാന്തയിലിരുന്നു നടത്തിയ സൗഹൃദ സംഭാഷണമാണെന്നും ഡോ.ബിജുവിനെ കുറിച്ച് പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമാണെന്നും രഞ്ജിത് പറഞ്ഞു.
‘‘വീടിന്റെ വാതിൽ ഞാൻ അടയ്ക്കാറില്ല. പത്രക്കാർ വന്നപ്പോൾ സൗഹാർദത്തിൽ സംസാരിച്ചു. ആ അഭിമുഖത്തിൽ ഞാൻ ശരിയായി വസ്ത്രംപോലും ധരിച്ചിരുന്നില്ല. എന്റെ പഴയകാല സിനിമകളെപ്പറ്റി ചോദ്യമുണ്ടായപ്പോൾ, ചലച്ചിത്ര മേളയെപ്പറ്റി ചോദിക്കൂവെന്നു ഞാൻ പറഞ്ഞിരുന്നു. ഡോ.ബിജുവിനെ കുറിച്ച് പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമാണ്. ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ല. ഞാൻ രാജിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ല. അക്കാദമിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലപ്പെടുത്തും.’’– രഞ്ജിത് പറഞ്ഞു.
അഭിമുഖത്തിൽ രഞ്ജിത് വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നു പ്രതികരിച്ച മന്ത്രി സജി ചെറിയാൻ സംഭവത്തിൽ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ രഞ്ജിത്തിനോട് ആവശ്യപ്പെട്ടിരുന്നു. രഞ്ജിത്തുമായുള്ള തർക്കത്തിനിടെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനിൽനിന്നു ഡോ.ബിജു കഴിഞ്ഞദിവസം രാജിവച്ചു.