ന്യൂഡല്‍ഹി: ശ്രീരാമന്റെ അഞ്ച് വയസ്സുള്ള രൂപമായ രാം ലല്ലയുടെ വിഗ്രഹത്തിന്റെ പൂര്‍ണ്ണ രൂപമുള്ള ചിത്രം പുറത്ത്. ഈ വിഗ്രഹമാണ് 22 ന് അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തുന്നത്. മൈസുരുവിലെ ശില്പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ നിര്‍മ്മിച്ച 51 ഇഞ്ച് ഉയരമുള്ള വിഗ്രഹമാണിത്. വ്യാഴാഴ്ച രാം ലല്ല വിഗ്രഹം ഗര്‍ഭഗൃഹത്തില്‍ സ്ഥാപിച്ചിരുന്നു. സ്വര്‍ണ്ണ വില്ലും അമ്പും പിടിച്ചു നില്‍ക്കുന്ന ഭാവത്തിലാണ് ശ്രീരാമ വിഗ്രഹം.
നേരത്തെ വിഗ്രഹത്തിന്റെ കണ്ണുകള്‍ തുണി കൊണ്ട് മൂടിയ നിലയിലുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പൂര്‍ണ്ണ രൂപം വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ശ്രീരാമ വിഗ്രഹം ശ്രീകോവിലില്‍ സ്ഥാപിച്ചതെന്ന് പുരോഹിതന്‍ അരുണ്‍ ദീക്ഷിത് പറഞ്ഞു.
താത്ക്കാലിക ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധിക്കുന്ന വിഗ്രഹം പ്രധാന വിഗ്രഹത്തിന് താഴെ ഉത്സവമൂര്‍ത്തിയായി പ്രതിഷ്ഠിക്കും.
22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും മുഖ്യയജമാനന്‍. ശനിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി അയോദ്ധ്യയിലെത്തും. പ്രതിഷ്ഠദിനത്തില്‍ രാവിലെ സരയു നദിയില്‍ സ്റ്റാനം ചെയ്ത ശേഷം രാംപഥി ലൂടെയും ഭക്തിപഥിലൂടെയും രണ്ട് കിലോമീറ്ററോളം പ്രധാനമന്ത്രി കാല്‍നടയായി ക്ഷേത്രത്തിലേക്ക് പോകും. തുടര്‍ന്ന് ഹനുമാന്‍ഗഢി ക്ഷേത്ര ദര്‍ശനം നടത്തും. തുടര്‍ന്ന് പ്രാണപ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമാകും.