ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ശീതകാല അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ 18 വരെയാണ് അവധി. സ്‌കൂളുകള്‍ അടിയന്തരമായി അടക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ഡിസംബര്‍ മാസത്തില്‍ ഉണ്ടാവാറുള്ള ശീതകാല അവധി നേരത്തെയാക്കും. നേരത്തെ പ്രൈമറി സ്‌കൂളുകള്‍ക്ക് നാളെ വരെ അവധി പ്രഖ്യാപിച്ചിരുന്നു. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനും നേരത്തെ തീരുമാനിച്ചിരുന്നു.
ദീപാവലിയോടെ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു.
എന്നാല്‍ പാക്കിസ്ഥാന്‍ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയുള്ള പ്രദേശത്തെ അന്തരീക്ഷത്തില്‍ ഹാനികരമായ പുക മഞ്ഞ് മൂടിയിരിക്കുന്ന ദൃശ്യങ്ങള്‍ നാസയുടെ വേള്‍ഡ്യൂ ഉപഗ്രഹം പകര്‍ത്തിയത് നാസ പുറത്ത് വിട്ടു. വടക്കെ ഇന്ത്യയില്‍ കാര്‍ഷികാവശിഷ്ടം കത്തിക്കുന്നത് മൂലം വര്‍ദ്ധിച്ചു വരുന്ന മലിനീകരണത്തെ ഇതോടൊപ്പം കാണണമെന്നും നാസ വ്യക്തമാക്കുന്നു.
ഒക്ടോബര്‍ അവസാനം മുതലാണ് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായത്. ഇന്നലെ വായു ഗുണനിലവാര സൂചിക 500 നടുത്ത് എത്തിയത് ഡല്‍ഹിയെ ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിലാക്കി.