ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്നുമുള്ള കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് നേരിടാന്‍ വന്‍ സുരക്ഷ നടപടികളുമായി ഡല്‍ഹി പൊലീസ്. ടിയര്‍ഗ്യാസ് പരിശീലനം ഉള്‍പ്പെടെ നടത്തിയ ഡല്‍ഹി പൊലീസ് ഡല്‍ഹിയുടെ അതിര്‍ത്തികളായ ഗാസിപൂര്‍, സിംഗു, തിക്രി എന്നിവിടങ്ങളില്‍ മാര്‍ച്ച് തടയാന്‍ സിമന്റ് ബാരിക്കേഡും നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇതിനിടെ കര്‍ഷക നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട എന്നിവര്‍ ചാണ്ഡിഗഡില്‍ എത്തി ചര്‍ച്ച ആരംഭിച്ചു. രാത്രി ഏറെ വൈകിയും ചര്‍ച്ച തുടരുകയാണ്.
200 ലധികം കര്‍ഷക സംഘടനകളാണ് ഡല്‍ഹി ചലോ മാര്‍ച്ചുമായി ഇന്ന് രാജ്യതലസ്ഥാനത്തേക്ക് എത്തിയത്. ഹരിയാനയിലെ പല ജില്ലകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും അതിര്‍ത്തി അടക്കുകയും ചെയ്തു. സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തി ജില്ലകളില്‍ ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയില്‍ ഇന്നലെ ഹര്‍ജി ഫയല്‍ ചെയ്തു.
വിളകള്‍ക്ക് മിനിമം താങ്ങ് വില ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താനാണ് പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരവുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.