ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ ഡൽഹിക്ക് ആശ്വാസമായി മഴ. ഈ മാസം അവസാനം കൃത്രിമ മഴ പെയ്യിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. ഡൽഹി എൻസിആറിന്റെ ചില പ്രദേശങ്ങളിലാണ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചയിലുമായി മഴ ലഭിച്ചത്.അതെസമയം വെള്ളിയാഴ്ച കൂടുതൽ മഴ ലഭിക്കുന്ന പ്രതീക്ഷയിലാണ് തലസ്ഥാനനഗരം.
ഇവിടെ വായുമലിനീകരണം രൂക്ഷമായിട്ട് ഒരാഴ്ചയിലധികമായി.ഈ തുടർന്നാൽ ജനങ്ങളുടെ ആരോഗ്യത്തെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്ന സാഹചര്യത്തിലാണ് കൃത്രിമ മഴ പെയ്യിച്ച് പ്രശ്നം പരിഹരിക്കാൻ സർക്കാർ നീക്കം നടത്തിയത്. നവംബർ 20–21 തീയതികളിൽ കൃത്രിമ മഴ പെയ്യിക്കായിരുന്നു നീക്കം.
കേന്ദ്ര സർക്കാർ ഡൽഹിയിൽ ഏർപ്പെടുത്തിയ നാലാംഘട്ട മലിനീകരണ നിയന്ത്രണ നടപടികൾ കർശനമായി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുന്നതിനാൽ മന്ത്രിമാർ നേരിട്ടു നിരീക്ഷണത്തിന് ഇറങ്ങുന്നുണ്ട്. ഡൽഹിയുടെ വടക്കുകിഴക്കൻ മേഖലയിൽ പരിസ്ഥിതി മന്ത്രി ഗോപാൽ റായിയും പടിഞ്ഞാറൻ ഡൽഹിയിൽ മന്ത്രി കൈലാഷ് ഗെലോട്ടും പരിശോധന നടത്തി. കിഴക്കൻ, തെക്കുകിഴക്കൻ ഡൽഹിയുടെ ചുമതല മന്ത്രി അതിഷിക്കാണ്.
അതെസമയം സൗത്ത് ഡൽഹിയും ന്യൂഡൽഹി ജില്ലയും സൗരഭ് ഭരദ്വാജ് നോക്കും. ഇമ്രാൻ ഹുസൈന് സെൻട്രൽ ഡൽഹിയുടെയും ഷാഹ്‌ദ്രയുടെയും ചുമതലയാണ്. വടക്കു പടിഞ്ഞാറൻ ഡൽഹിയുടെ ചുമതല രാജ്കുമാർ ആനന്ദിനാണ്.
നിയന്ത്രണ നടപടികളുടെ ഭാഗമായി ഡൽഹിയിൽ എല്ലാത്തരം നിർമാണ പ്രവർത്തനങ്ങളും ഇതിനകം നിർത്തിവച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ട്രക്കുകൾക്കു നഗരത്തിലേക്കു പ്രവേശനമില്ല. മലിനീകരണം അതിരൂക്ഷമായത് കണക്കിലെടുത്ത് ഡൽഹിയിലെ സ്കൂളുകൾക്ക് 18 വരെ അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.
അതെസമയം ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾക്കു കർശന നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.