ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ്, മുംബൈ പൊലീസ്, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയ്‌ക്കെതിരെ നല്‍കിയ പരാതി തള്ളിയ ജഡ്ജിയ്ക്ക് വധശിക്ഷ നല്‍കണമെന്ന ഹര്‍ജിയുമായെത്തിയ പഞ്ചാബ് സ്വദേശിയെ ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ്, ജസ്റ്റിസ് ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആറ് മാസം തടവും 2000 രൂപ പിഴയും വിധിച്ചു. 1971 ലെ കോടതിയലക്ഷ്യ നിയമപ്രകാരമാണ് കോടതി നരേഷ് ശര്‍മ്മയെ ശിക്ഷിച്ചത്.
ഡല്‍ഹി, മുംബൈ, ബംഗളുരു പൊലീസ് സേനകള്‍, യൂണിയന്‍ ഓഫ് ഇന്ത്യ, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവ ക്രിമിനല്‍ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായി ആരോപിച്ച് നരേഷ് ശര്‍മ്മ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. താന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയ വരെ പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ ഈ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജി തള്ളുകയായിരുന്നു. ഹര്‍ജി തള്ളിയ ജഡ്ജിയെ നരേഷ് കള്ളി എന്ന് വിളിക്കുകയും പിശാചിനോട് ഉപമിക്കുകയും ചെയ്തു. ഹര്‍ജി തള്ളിയ ജഡ്ജി രാജ്യദ്രോഹിയാണെന്നും വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്യുകയും ചെയ്തു.
ഐ.ഐ.ടിയില്‍ നിന്ന് എഞ്ചിനീയറിംഗിലും സയന്‍സിലും ബിരുദം നേടിയതായി അവകാശപ്പെടുന്നയാള്‍ക്ക് താന്‍ നടത്തിയ പ്രവൃത്തിയില്‍ ഒരു പശ്ചാത്താപവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയ ആള്‍ ഇന്ത്യന്‍ ഭരണഘടനയെ മാനിക്കുകയും നിയമത്തില്‍ വിശ്വസിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്തരവാദപ്പെട്ട പൗരനെന്ന നിലയില്‍ കോടതികളുടെ അന്തസ്സും പ്രക്രിയയും കാത്ത് സൂക്ഷിച്ച് വേണം പരാതികള്‍ അവതരിപ്പിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.