കൊച്ചി: കുസാറ്റ് ക്യാംപസില്‍ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നാലുപേര്‍ മരിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പൊലീസ് റിപ്പോര്‍ട്ട്. മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചില്ല. ആളുകള്‍ കൂടുതല്‍ എത്തുമെന്ന് അറിഞ്ഞിട്ടും വിവരം പൊലീസിനെ അറിയിച്ചില്ലെന്നും പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രഹസ്യാന്വേഷണ വിഭാഗമാണ് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
അതിനിടെ, അപകടത്തെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സംഘാടകരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പരിപാടി പൊലീസിനെ അറിയിച്ചില്ല. അപകടത്തില്‍ സംഘാടകര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഓഡിറ്റോറിയത്തിലെ പരിപാടികള്‍ക്ക് മാനദണ്ഡം വരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാവും ഉത്തരവെന്നും മന്ത്രി വ്യക്തമാക്കി.