കൊച്ചി: കഴിഞ്ഞ ദിവസം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. എറണാകുളം ജനറൽ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം നടന്നത്.അതുൽ തമ്പി , ആൻ റിഫ്റ്റ, സാറ തോമസ് എന്നീ വിദ്യാർത്ഥികളും ഇവരെ കൂടാതെ ആൽവിൻ ജോസഫ് എന്നയാളുമാണ് മരിച്ചത്.
ആൽവിന്റേയും പോസ്റ്റ്മോർട്ടം പൂർത്തിയായി.വിദ്യാർത്ഥികളുടെ മൃതദേഹം കുസാറ്റിൽ പൊതുദർശനത്തിനു വെക്കും. ശ്വാസം മുട്ടൽ ആണ് മരണകാരണം എന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ആസ്റ്ററിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.ഇരുവർക്കും ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്തിയതായും മന്ത്രി അറിയിച്ചു.
ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന സംഗീതനിശ തുടങ്ങുന്നതിന് മുമ്പുതന്നെ വിദ്യാർത്ഥികളെ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ കുസാറ്റിൽ എത്തിയിരുന്നു.
പരിപാടി തുടങ്ങാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയത്. മഴ പെയ്തതോടെ അകത്തേക്കുണ്ടായ തള്ളിക്കയറ്റത്തിൽ പടിയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ വീണതിനു മീതെ മറ്റുള്ളവരും വീഴുകയായിരുന്നു.