ഏബിള്‍ സി. അലക്‌സ്
കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ സംഭവിച്ചത് ദാരുണമായ അപകടമാണന്ന് മന്ത്രി പി രാജീവ്. കലക്ടറോടും പോലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ച് കൃത്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു.
കുസാറ്റില്‍ ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 45ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ മന്ത്രിമാര്‍ കൊച്ചിയിലേക്ക് തിരിച്ചു. മന്ത്രിമാരായ ആര്‍ ബിന്ദുവും പി രാജീവുമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. കോഴിക്കോട് നവകേരള സദസ്സില്‍ പങ്കെടുക്കുന്ന മന്ത്രിമാര്‍ സംഭവം സ്ഥിരീകരിച്ച വിവരം മാധ്യമങ്ങളോട് അറിയിച്ചതിന് ശേഷമാണ് കൊച്ചിയിലേക്ക് തിരിച്ചത്.
അതീവദു:ഖകരമായ സംഭവമാണ് നടന്നതെന്നും സംഗീതനിശക്കിടെയുണ്ടായ തിരക്കാണ് അപകടം ഉണ്ടാക്കിയതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ കൊച്ചിയിലെ ആശുപത്രികള്‍ സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആശുപത്രിയില്‍ വേണ്ട കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
അപകടത്തില്‍ 45 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആംബുലന്‍സുകളിലായി വിദ്യാര്‍ത്ഥികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മെക്കാനിക്കല്‍ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ഫെസ്റ്റിലെ ഗാനമേള സദസ്സിന് ആളുകള്‍ കൂടിയിരുന്നു. 15 വിദ്യാര്‍ത്ഥികള്‍ തലകറങ്ങിവീഴുകയായിരുന്നു. മഴ പെയ്തതോടെ കൂടുതല്‍ പേര്‍ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമാകുകയായിരുന്നു.