കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപ്രതീക്ഷിത തിക്കും തിരക്കും നയിച്ചത് വന്‍ ദുരന്തത്തിലേക്ക്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കിടെയാണ് അപകടമുണ്ടായത്. തിരക്കിലും പെട്ട് നാല് പേരാണ് മരിച്ചത്.
മരിച്ച രണ്ടു വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞു. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ഡ്രിറ്റ, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സിവില്‍ വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അതുല്‍. ആന്‍ഡ്രിറ്റ രണ്ടാം വര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിനിയും.
അപകടത്തില്‍ 46 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 2 പേരുടെ നില ഗുരുതരമാണ്. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്.
ടെക് ഫെസ്റ്റിന്റെ ഭാഗമായി ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ശനിയാഴ്ച. പരിപാടി നടന്ന ഓഡിറ്റോറിയത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്തു. ഇതോടെ ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവര്‍ അകത്തേക്ക് ഇരച്ചുകയറി.
സര്‍വകലാശാലയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. പരിക്കേറ്റവരെ തൊട്ടടുത്ത കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാല് പേര്‍ മരിച്ചു.