ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിൽ നിരോധിത നോട്ടുകൾ നിറയുന്നു. ഓരോ മാസവും ഭണ്ഡാരത്തിൽ എടുക്കാത്ത നോട്ടുകളുടെ എണ്ണം കൂടിവരുകയാണ്.2017 മുതല്‍ 2023 ഡിസംബര്‍ 15 വരെയുള്ള കണക്കുകൾ പ്രകാരം ഇതിനകം 1.27 കോടിയിലേറെ രൂപയാണ് ഗുരുവായൂര്‍ ദേവസ്വത്തില്‍ ഉപയോഗ ശൂന്യമായി കിടക്കുന്നത്.
നിരോധിച്ച 500-ന്റെ നോട്ടുകളാണ് ഭണ്ഡാരങ്ങളിൽ ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ 500-ന്റെ നോട്ടുകള്‍ ലഭിച്ചത് -155 എണ്ണം. ഏറ്റവും കൂടുതല്‍ 1000-ത്തിന്റെ നോട്ടുകള്‍ കിട്ടിയത് കഴിഞ്ഞ ഡിസംബറിലും -52 എണ്ണം.അതെസമയം നിരോധിച്ച 2000 രൂപാനോട്ടുകള്‍ പൊതുവേ കുറവാണ്.
ഭണ്ഡാരമെണ്ണിക്കഴിയുമ്പോള്‍ ലഭിക്കുന്ന നിരോധിത നോട്ടുകള്‍ ദേവസ്വത്തിന്റെ ലോക്കറിലേക്കുമാറ്റും.ഇവ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍ ദേവസ്വം പലതവണ റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നെങ്കിലും സ്വീകരിക്കാനാകില്ലെന്ന് ആര്‍.ബി.ഐ. അധികൃതര്‍ വ്യക്തമാക്കി. നിരോധിച്ച നോട്ടുകള്‍ കൈവശംവെക്കുന്നത് കുറ്റകരമായതിനാല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ദേവസ്വം.
നോട്ടുകള്‍ നശിപ്പിച്ചുകളയുന്ന കാര്യം നേരത്തേ ദേവസ്വം കമ്മിഷണറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇപ്പോഴാതാ, അതിനുള്ള അനുമതിയാവശ്യപ്പെട്ട് ദേവസ്വം ബോർഡ് കമ്മിഷണര്‍ക്ക് കത്തും നല്‍കിയിരിക്കുകയാണ്. കണ്ണൂരിലുള്ള സ്വകാര്യകമ്പനിക്ക് പള്‍പ്പുണ്ടാക്കുന്നതിന് നോട്ടുകള്‍ നല്‍കാനുള്ള ധാരണയുണ്ടായിരുന്നു. അതിനും കമ്മിഷണറുടെ അനുമതി ആവശ്യമാണ്.