ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.എം ശ്രമം നടത്തുമെന്നും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയടക്കം അഞ്ച് സംസ്ഥാനങ്ങളിലും സി.പി.എം സീറ്റ് ചര്‍ച്ച നടത്തുന്നുണ്ടെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു.
ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയില്‍ ഭാഗമാകേണ്ട സാഹചര്യം ഇപ്പോള്‍ നിലവിലില്ല. സഖ്യത്തിലെ ഉന്നത നേതാക്കള്‍ ചേര്‍ന്ന് തീരുമാനങ്ങളെടുക്കുമ്പോള്‍ ഇത്തരം സമിതികളില്‍ കാര്യമില്ല.
തെലങ്കാനയില്‍ കോണ്‍ഗ്രസുമായാണ് സീറ്റ് ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചകളില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജെ.ഡി.എസ് ദേശീയ നേതൃത്വവുമായി പൂര്‍ണ്ണമായും ബന്ധം വേര്‍പ്പെടുത്തിയിരിക്കുകയാണ്. കേരളത്തില്‍ ജെ.ഡി.എസ് എന്ന പേര് ഉപയോഗിക്കുന്നത് തികച്ചും സാങ്കേതികമായ കാരണം മൂലമാണ്-യെച്ചൂരി വ്യക്തമാക്കി.