ആലപ്പുഴ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് മുന്‍ എംപിയും സിപിഐ നേതാവുമായ പന്ന്യന്‍ രവീന്ദ്രന്‍. ഗവര്‍ണര്‍ക്ക് ഫോട്ടോ രോഗം ബാധിച്ചിരിക്കുകയാണ്. എവിടെ പോയാലും ഗവര്‍ണര്‍ക്ക് ഫോട്ടെയെടുക്കണം. നോക്കുകുത്തിയായ ആ പദവി നാടിന് ആവശ്യമില്ല. എഐവൈഎഫ് രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ആലപ്പുഴയില്‍ നടന്ന ഡെമോക്രാറ്റിക്ക് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുരാണത്തിലെ രാമരാജ്യ സങ്കല്‍പ്പമല്ല ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നത്. രാമന്റെ ത്യാഗ മനോഭാവം മനുഷ്യരാശിക്ക് ഒരു വഴികാട്ടിയായിരുന്നു. എന്നാല്‍, ബിജെപി ഈ സങ്കല്‍പ്പങ്ങളെ തിരുത്തുകയാണ് ചെയ്യുന്നത്. അയോധ്യയില്‍ പ്രതിഷ്ഠിച്ചത് ആര്‍എസ്എസിന്റെ രാമനെയാണ്. മനുഷ്യരെ മതപരമായി വിഭജിച്ച് കാര്യങ്ങള്‍ നേടിയെടുക്കുകയാണ് ബിജെപിയുടെ രാമരാജ്യം. അതിനെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല.
ഗാന്ധിജിയുടെ ഘാതകര്‍ രാജ്യത്ത് വര്‍ഗീയതയുടെ വിത്ത് മുളപ്പിക്കാന്‍ വീണ്ടും പരിശ്രമിക്കുകയാണ്. അതിനെ ശക്തമായി ചെറുത്ത് തോല്‍പ്പിക്കേണ്ടത് രാജ്യത്തിലെ ജനങ്ങളുടെ കടമയാണ്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ നിന്ന് ഇത്തരമൊരു സമീപനം ഉണ്ടാകാന്‍ പോകുന്നില്ല. അധികാരം മാത്രമാണ് അവരുടെ ലക്ഷ്യം. പല കാര്യങ്ങള്‍ക്കും സ്വന്തമായ നിലപാടില്ലാത്തവരാണവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.