തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിൽ കേരളം.ബിജെപിയും കോൺഗ്രസും അടക്കം വിവിധ പരിപാടികളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇതിനകം തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ നാല് മണ്ഡലങ്ങളിലേക്കുള്ള സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് എൽഡിഎഫും. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ മണ്ഡലങ്ങളിലാണ് എൽഡിഎഫ് പ്രചാരണം ആരംഭിച്ചത്.സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് തിങ്കളാഴ്ച സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരം മണ്ഡലത്തിന്റെ പല പ്രദേശത്തും പന്ന്യൻ രവീന്ദ്രനായുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. അതെസമയം മാവേലിക്കരയിലും തൃശൂരിലും സ്ഥാനാർഥികളായ സിഎ അരുൺകുമാറും വിഎസ് സുനിൽ കുമാറും ചൊവ്വാഴ്ച മുതൽ റോഡ് ഷോയുമായി മണ്ഡലത്തിൽ സജീവമാകാനാണ് പദ്ധതി.
നേരിട്ടുള്ള പ്രചാരണത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനിൽനിന്നാണ് അരുൺ കുമാറിന്റെ റോഡ് ഷോ ആരംഭിക്കുന്നത്.ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തൃശൂർ സ്വരാജ് റൗണ്ടിൽനിന്നാണ് വിഎസ് സുനിൽ കുമാറിന്റെ റോഡ് ഷോ ആരംഭിക്കുന്നത്.
അതെസമയം മത്സരിക്കാനിറങ്ങുന്നത് ജയിക്കാൻ വേണ്ടിതന്നെയാണെന്നാണ് വയനാട് മണ്ഡലത്തിലെ സിപിഐ സ്ഥാനാർഥിയും ദേശീയ മഹിളാ ഫെഡറേഷൻ (എൻഎഫ്‌ഐഡബ്ല്യു) ജനറൽ സെക്രട്ടറിയും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ആനി രാജയുടെ നിലപാട്.
രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ട് തേടും. ഇടതുപക്ഷ ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകും. എതിരാളികളുടെ രാഷ്ട്രീയമല്ല, നമ്മൾ എന്ത് ചെയ്യാൻ പോകുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. എതിരാളി ആരെന്നതല്ല വെല്ലുവിളി. മണ്ഡലത്തിൽ ഉടൻ സജീവമാകുമെന്നും ആനി രാജ ഡൽഹിയിൽ മലയാള മാധ്യമങ്ങളോട് പ്രതികരിച്ചു.