ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച് ചേര്‍ത്ത് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാനും മുന്‍കരുതല്‍ നടപടികളില്‍ ഒരു വീഴ്ചയും പാടില്ലെന്നും മന്ത്രി കര്‍ശന നിര്‍ദേശം നല്കി. സംസ്ഥാന ആരോഗ്യമന്ത്രിമാര്‍, ആരോഗ്യവകുപ്പ് സെക്രട്ടറിമാര്‍, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആരോഗ്യ മേഖല രാഷ്ട്രീയം കളിക്കാനുള്ളതല്ലെന്നും കേന്ദ്രം എല്ലാ പിന്തുണയും നല്കാന് തയാറാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. 3 മാസത്തിലൊരിക്കല്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്തണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
അതേ സമയം, കേരളത്തില്‍ കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ജില്ലാടിസ്ഥാനത്തില്‍ ഐസോലേഷന് വാര്‍ഡുകള്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശമുണ്ട് രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ പരിശോധന ഉറപ്പാക്കും. രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിര്‍ദ്ദേശം. ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്ട്രേറ്റ് പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പരിശോധനകള്‍ കൂടുതല്‍ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയര്‍ന്ന കണക്കുകളെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.