ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ട്രാൻസ്‌ജെൻഡർ സമൂഹത്തെകുറിച്ചുള്ള അഭിപ്രായപ്രകടനം വിവാദം.പുരുഷൻ പുരുഷനും സ്ത്രീ സ്ത്രീയുമാണെന്നത് സാമാന്യബുദ്ധി മാത്രമാണ്, അവർ ആഗ്രഹിക്കുന്ന ലൈംഗികതയിൽ ജീവിക്കാൻ കഴിയില്ല, അതിനായി വ്യക്തികൾക്കുമേൽ സമ്മർദം ചെലുത്തരുതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു.
ട്രാൻസ് ജെൻഡർ വിഭാഗത്തോട് സമൂഹം എങ്ങനെ ഇടപെടണമെന്ന് പരാമർശിച്ചുകൊണ്ട് തന്റെ പാർട്ടിയുടെ വാർഷിക സമ്മേളനത്തിലാണ് ഋഷി സുനകിന്റെ വിവാദ പ്രസ്താവന.അതെസമയം സുനക്കിന്റെ പ്രസ്താവന യുകെയിലെ ട്രാൻസ്‌ജെൻഡർ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് തിരികൊളുത്തി.
ചിലർ ഇത് സമൂഹത്തിന് നേരെയുള്ള ആക്രമണമായും അപമാനകരവുമാണെന്ന് പറഞ്ഞ് സുനക്കിന് പിന്തുണ അറിയിച്ചപ്പോൾ, മറ്റുള്ളവർ രാഷ്ട്രീയ നേട്ടങ്ങൾക്കായാണ് സുനക് ഇത്തരമൊരു പ്രസ്ഥാവന നടത്തിയതെന്ന് ആരോപിച്ചു.
സ്ത്രീ എൻഎച്ച്എസ് വാർഡുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് ട്രാൻസ് സ്ത്രീകളെ നിരോധിക്കാനുള്ള പദ്ധതികൾ യുകെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുന്നില്ലെന്ന് പറഞ്ഞ് LGBTQ+ കമ്മ്യൂണിറ്റി ഈ നീക്കത്തെ വിമർശിച്ച് രംഗത്തുവന്നു.