പ്രതീകാത്മക ചിത്രം
ആലപ്പുഴ: ദേശീയപാത 66 ൽ അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമാണത്തിന്റെ ഭാഗമായി ചരക്കു വാഹനങ്ങളുൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വ്യാഴാഴ്ച മുതൽ വഴി തിരിച്ചുവിടും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ആലപ്പുഴ ജില്ലകലക്ടർ പുറത്തിറക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാകും നിയന്ത്രണം.
അരൂർ മുതൽ തുറവൂർ വരെ 1668.5 കോടി രൂപ ചെലവിട്ട് 12.75 കിലോമീറ്റർ നീളത്തിലാണ് ഉയരപ്പാതയുടെ നിർമ്മാണം. എഴുപുന്ന– കുമ്പളങ്ങി റോഡിലേക്കു നിൽക്കുന്ന വൈദ്യുതത്തൂണുകൾ നീക്കി സ്ഥാപിക്കൽ, റോഡിനു കുറുകെ കടന്നു പോകുന്ന വൈദ്യുത കമ്പി 5 മീറ്റർ ഉയരത്തിലേക്കു മാറ്റി സ്ഥാപിക്കൽ തുടങ്ങിയ പണികളാണ് നിലവിൽ നടക്കുന്നത്.
ഇതിനു വേണ്ടിയാണു ഗതാഗതം തിരിച്ചുവിടുന്നത്. 3 വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 5 ഭാഗങ്ങളായി തിരിച്ചാണു നിർമാണം പുരോഗമിക്കുന്നത്.നിലവിൽ നാലുവരിപ്പാതയുടെ മധ്യത്തിൽ ബാരിക്കേഡ് സ്ഥാപിച്ച് പണി നടക്കുന്നതിനാൽ ഇരുവശങ്ങളിലും ഒറ്റവരിയിലൂടെയാണു ഗതാഗതം. ഇതുകാരണം രാവിലെയും വൈകിട്ടും ഇവിടെ വൻ ഗതാഗതക്കുരുക്കാണ്.ഇത് തടയുന്നതിനും നിർമ്മാണം യഥാക്രമം നടക്കുന്നതിനും വേണ്ടിയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
വാഹനങ്ങളുടെ ഗതാഗത ക്രമീകരണം ഇങ്ങനെ:
- തൃശൂർ വഴി കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കു വരുന്നതും പോകുന്നതുമായ കണ്ടെയ്നർ ലോറികൾ, 4.5 മീറ്ററിനു മുകളിൽ ഉയരമുള്ളവ, വലിയ സാധനസാമഗ്രികളുമായി വരുന്നവ ഉൾപ്പെടെയുള്ള ചരക്കു വാഹനങ്ങൾ അങ്കമാലിയിൽ നിന്നു തിരിഞ്ഞ് എംസി റോഡ് വഴി പോകണം.
- എറണാകുളത്തു നിന്ന് ആലപ്പുഴയ്ക്കു വരുന്ന 4.5 മീറ്ററിനു മുകളിൽ ഉയരമുള്ള ചരക്കു വാഹനങ്ങൾ അരൂർ ക്ഷേത്രം ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു പൂച്ചാക്കൽ, തൈക്കാട്ടുശേരി വഴി തുറവൂരെത്തി ദേശീയപാത വഴി യാത്ര ചെയ്യണം.
- ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കു പോകുന്ന വലിയ വാഹനങ്ങൾ തുറവൂരിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് എഴുപുന്ന, പെരുമ്പടപ്പ്, കുമ്പളങ്ങി ജംക്‌ഷൻ വഴി പള്ളുരുത്തി, തോപ്പുംപടി ബിഒടി പാലം, വെല്ലിങ്ടൻ ഐലൻഡ്, അലക്സാണ്ടർ പറമ്പിത്തറ പാലം, യുപി പാലം വഴി കുണ്ടന്നൂർ ജംക്‌ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞു ദേശീയപാതയിൽ യാത്ര തുടരണം.
- 4.5 മീറ്ററിനു താഴെ ഉയരമുള്ളതും 5.5 മീറ്ററിനു താഴെ വീതിയുള്ളതുമായ വാഹനങ്ങൾക്കു ദേശീയപാതയിൽ അരൂർ–തുറവൂർ ഭാഗത്തു കൂടി കടന്നു പോകാം. ഇവിടെ റോഡിന്റെ ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ പാത ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
- കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം ദേശീയപാതയിലൂടെ തുടരും.
അതെസമയം ഗതാഗതം തിരിച്ചു വിടുന്നതു സംബന്ധിച്ചു പാലിയേക്കര ടോൾ പ്ലാസ മുതൽ തെക്കോട്ടുള്ള ദേശീയ പാതയോരത്തും വഴി തിരിച്ചു വിടുന്ന റോഡുകളിലും തിരുവനന്തപുരത്തു നിന്നു വടക്കോട്ടു വരുന്ന വാഹനങ്ങൾക്കായി കൊല്ലം മുതൽ എംസി റോഡിലേക്കുള്ള എല്ലാ വഴികളിലും ഉയരപ്പാത നിർമാണക്കരാർ കമ്പനി അറിയിപ്പു ബോർഡുകൾ സ്ഥാപിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ആവശ്യത്തിനു ട്രാഫിക് മാർഷൽമാർ, റിഫ്ലക്ടർ, സിഗ്നൽ ലൈറ്റ്, മറ്റു സൂചനാ ബോർഡുകൾ എന്നിവയും ഉറപ്പാക്കണം. എംസി റോഡിലേക്കു വാഹനങ്ങൾ തിരിച്ചു വിടുന്നതിനു ജീവനക്കാരെയും കരാർ കമ്പനി ചുമതലപ്പെടുത്തണമെന്നും കളക്ടർ പുറത്തിറക്കിയ ഉത്തരവിലുണ്ട്.
നിലവിൽ വഴി തിരിച്ചു വിടുന്ന പാതകളുടെ തകർച്ച ഒഴിവാക്കാൻ ചരക്കു വാഹനങ്ങൾ അമിത ഭാരം ഒഴിവാക്കണമെന്നും മോട്ടർ വാഹന വകുപ്പും പൊലീസും ഇക്കാര്യം പരിശോധിക്കണമെന്നും ഉത്തരവിലുണ്ട്. ഗതാഗത നിയന്ത്രണമുള്ള എല്ലാ റോഡുകളിലെയും കയ്യേറ്റം ഒഴിവാക്കി, ടാർ ചെയ്തു ഗതാഗതയോഗ്യമാക്കുന്നതിന്റെ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കും ഉയരപ്പാത നിർമാണക്കരാർ കമ്പനിക്കുമായിരിക്കും.