അബുദാബി: അബുദാബിയിലെ ആദ്യഹിന്ദു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു.പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. 2017ൽ പ്രധാനമന്ത്രി തന്നെയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്.
ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത(ബിഎപിഎസ്) ക്ഷേത്രം എന്നാണ് അബുദാബിയിലെ ഈ ക്ഷേത്രം അറിയപ്പെടുക. ക്ഷേത്രം ഉദ്ഘാടനം ചെയ്യുമെങ്കിലും മാർച്ച് ഒന്നിന് മാത്രമേ വിശ്വാസികൾക്കായി തുറന്നുകൊടുക്കുകയുള്ളൂ.
ദുബായ് ഹൈവേയിൽനിന്നു മാറി അബു മുറൈഖ എക്‌സിറ്റ് 366, ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിലാണ് (ഇ11) ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.700 കോടി ചെലവിൽ 27 ഏക്കർ വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിൽ 3,000 ഭക്തരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പ്രാർത്ഥനാ ഹാൾ, കമ്മ്യൂണിറ്റി സെൻറർ, എക്‌സിബിഷൻ ഹാൾ തുടങ്ങി വിവിധ സൗകര്യങ്ങളുണ്ട്. 1.80 ലക്ഷം ക്യുബിക് അടി പിങ്ക് രാജസ്ഥാൻ മണൽക്കല്ലുകൾ, 50,000 ക്യുബിക് അടി ഇറ്റാലിയൻ മാർബിൾ, 18 ലക്ഷം ഇഷ്ടികകൾ എന്നിവ ഉപയോഗിച്ചാണ് മന്ദിരം നിർമിച്ചിരിക്കുന്നത്.
പരമ്പരാഗത നാഗർ ശൈലിയിലാണ് ക്ഷേത്രത്തിന്റെ രൂപകൽപ്പന. ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ ആകർഷണം. ഇവിടെ സ്വാമിനാരായൺ, അക്ഷർ പുരുഷോത്തം മഹാരാജ്, പരമശിവൻ, ശ്രീകൃഷ്ണൻ, ശ്രീ രാമൻ, അയ്യപ്പൻ, ജഗന്നാഥ്, വെങ്കിടേശ്വര എന്നിങ്ങനെ ഏഴ് മൂർത്തികളെ പ്രതിഷ്ഠിക്കും.
രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള ശിൽപ്പികളാണ് കല്ലുകൾ കൊത്തിയെടുത്തത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഭൂമി സംഭാവനയായി നൽകിയത്. മന്ദിരം നിർമിക്കുന്നതിനായി ആദ്യം 13.5 ഏക്കർ സ്ഥലം നൽകുകയും പിന്നീട് 2019ൽ 13.5 ഏക്കർ ഭൂമി കൂടി അനുവദിക്കുകയുമായിരുന്നു.
അതെസമയം ആത്മീയതയ്‌ക്കപ്പുറം, ക്ഷേത്ര സമുച്ചയം ഒരു സാംസ്‌കാരിക കേന്ദ്രമായും പ്രവർത്തിക്കും. സന്ദർശന കേന്ദ്രം, പ്രാർത്ഥനാ ഹാളുകൾ, വിദ്യാഭ്യാസ ഇടങ്ങൾ, കായിക സൗകര്യങ്ങൾ, തീമാറ്റിക് ഗാർഡനുകൾ എന്നിവയും ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമാണ്.