കെ.പി.രാജീവന്‍
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളിലും വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിലും ജാതി സെന്‍സസ് പ്രധാന വിഷയമാക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടത്തുമെന്ന ചരിത്രപരമായ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എടുത്തതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. സി.ഡബ്ല്യു.സി യോഗം ഐക്യകണ്‌ഠേനയാണ് ഈ തീരുമാനമെടുത്തതെന്ന് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടത്താന്‍ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു. യോഗത്തില്‍ ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയതായും ഇതിന്റെ പകര്‍പ്പ് ഉടന്‍ പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി സെന്‍സിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്.
ഇന്ത്യ സഖ്യത്തിലെ ഒട്ടുമിക്ക പാര്‍ട്ടികളും ജാതി സെന്‍സസ് വിഷയത്തില്‍ യോജിച്ചിട്ടുണ്ട്. ചില പാര്‍ട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. പക്ഷേ അത് കുഴപ്പമില്ല. കാരണം ഞങ്ങള്‍ക്ക് അവരോട് ഫാസിസ്റ്റ് സമീപനമില്ല. ഇത് ഒരു പുരോഗമനപരമായ കാഴ്ച്ചപ്പാടാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഇത് ജാതിയുടെയും മതത്തിന്റെയും പരിഗണനയിലല്ല മറിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രയോജനപ്പെടാന്‍ ഉദ്ദേശിച്ചുള്ളതാണ്.
എന്നാല്‍ സെന്‍സസ് പ്രാവര്‍ത്തികമാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിവില്ല. കോണ്‍ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരില്‍ മൂന്നും ഒബിസി വിഭാഗത്തില്‍ നിന്നുമാണ്. എന്നാല്‍ 10 ബി.ജെ.പി മുഖ്യമന്ത്രിമാരില്‍ ഒരാള്‍ മാത്രമാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ളത്. രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്
ജാതി സെന്‍സസ് സംബന്ധിച്ച വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ചോദ്യം ചെയ്തു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ജാതി സെന്‍സസിന് തയാറാകാത്തത് എന്ത്‌കൊണ്ടാണ്? ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ എത്തിയപ്പോള്‍ ഒബിസി സംഘടന പ്രതിനിധികള്‍ ജാതി സെന്‍സസ് വേണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം അവരുടെ വാക്കുകള്‍ വളരെ ഗൗരവത്തോടെയാണ് എടുത്തത്. ഇപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.