തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പുതിയ സമരമുഖം തുറക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്ത കോണ്‍ഗ്രസിന് പ്രതിരോധം തീര്‍ത്ത് എ ഗ്രൂപ്പ്. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനവും നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കലുമാണ് എ ഗ്രൂപ്പ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്.
മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതില്‍ എ ഗ്രൂപ്പിനെ തഴഞ്ഞെന്നാണ് ആരോപണം. അതില്‍ ശക്തമായ പ്രതിഷേധം നടത്താനാണ് ഗ്രൂപ്പിന്റെ തീരുമാനം. പരാതി പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടി സ്ഥാനങ്ങളടക്കം രാജിവയ്ക്കുമെന്ന് ഗ്രൂപ്പ് അംഗങ്ങള്‍ കെപിസിസിയെ അറിയിച്ചുകഴിഞ്ഞു.
എ ഗ്രൂപ്പിന്റ രഹസ്യ യോഗം ചേര്‍ന്നായിരുന്നു ഇത്തരമൊരു തീരുമാനമെടുത്തത്. അതിനു പിന്നാലെയാണ് നേരത്തെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി എ ഗ്രൂപ്പ് രംഗത്തെത്തിയത്. എന്നാല്‍ അവസരം മുതലാക്കിയുള്ള വിലപേശലെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്.
ബെന്നി ബെഹനാനാണ് നേതാക്കളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ബെന്നി ബെഹനാനും കെ.സി. ജോസഫും ഇക്കാര്യം ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയിലും നേതൃ യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതോടെ പുതിയ സമരമുഖം തുറക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്.
സഹകരണബാങ്കുകളിലെ കൊള്ളയ്‌ക്കെതിരേ സംസ്ഥാനവ്യാപക സമരം പ്രഖ്യാപിച്ച കോണ്‍ഗ്രസ്, വീടുകള്‍ കയറിയിറങ്ങി സര്‍ക്കാരുകളെ ജനകീയവിചാരണ ചെയ്ത് കുറ്റപത്രം നല്‍കുമെന്നുമാണ് അറിയിച്ചത്. ഈമാസം 19 മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനം. എന്നാല്‍ പാര്‍ട്ടിയിലെ എ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒരുപക്ഷേ സമരം വിജയിപ്പിക്കാന്‍ പ്രയാസമാണെന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കലാകൗമുദിയോടു പറഞ്ഞത്.
പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, പത്തനംതിട്ട മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ, കെപിസിസി മുന്‍ സെക്രട്ടറി എം.എ ലത്തീഫ് , ഓവര്‍സിസ് കോണ്‍ഗ്രസ് നേതാക്കളായ ജോപ്പച്ചന്‍ തെക്കേടത്ത്, സിദ്ദിഖ് ഹസ്സന്‍, പുന്നയ്ക്കല്‍ മുഹമ്മദാലി എന്നീ ആറ് നേതാക്കളെ തിരിച്ചെടുക്കണമെന്നാണ് ബെന്നി ബെഹനാന്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതില്‍ ബാബു ജോര്‍ജിനെയും സജി ചാക്കോയെയും തിരിച്ചെടുക്കുന്നതില്‍ മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന് ശക്തമായ എതിര്‍പ്പാണുള്ളത്. ഇക്കാര്യം അദ്ദേഹം രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവരെ തിരിച്ചെടുക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്താക്കപ്പെട്ടവരെ തിരിച്ചെടുത്തില്ലെങ്കില്‍ മണ്ഡലത്തില്‍ തിരിച്ചടി നേരിടുമെന്നും പാര്‍ട്ടി അനുഭാവപൂര്‍വം ഇക്കാര്യം പരിഗണിക്കണമെന്നും മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. പുറത്താക്കപ്പെട്ട പല നേതാക്കള്‍ക്കും അവരുടെ മണ്ഡലങ്ങളില്‍ നല്ല സ്വാധീനമുള്ളവരാണ്. ആ സാഹചര്യം കൂടി പരിഗണിച്ചില്ലെങ്കില്‍ ഒരുപക്ഷേ തിരിച്ചടി നേരിടേണ്ടി വരും.
കെപിസിസി വ്യക്തമായ അന്വേഷണം നടത്തിയ ശേഷമാണ് നേതാക്കളെ പുറത്താക്കിയത്. എന്നാല്‍ ആരോപണ വിധേയരായവരില്‍ നിന്നും വ്യക്തമായ വിശദീകരണം തേടിയിട്ടില്ല. ചില നേതാക്കള്‍ വിശദീകരണം നല്‍കിയെങ്കിലും അതൊന്നും തൃപ്തികരമല്ലെന്ന നിലപാടാണ് കെപിസിസി സ്വീകരിച്ചത്.
അവര്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ നേതാക്കളുടെ സഹായം കൂടിയേ തീരൂ. സംസ്ഥാന സര്‍ക്കാരിനെതിരെ വീടുകള്‍ കയറിയിറങ്ങിയുള്ള സമരങ്ങള്‍ നടത്തുമ്പോള്‍ ഇവരെ കൂടി സഹകരിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം.
ആരോപണമുയര്‍ന്ന വിഷയങ്ങളില്‍ വ്യക്തമായ കാരണങ്ങളുണ്ടാകും. അതിനാല്‍ അവരെ പൂര്‍ണമായും പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നാണ് എ ഗ്രൂപ്പ് അവകാശപ്പെടുന്നത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിഷയങ്ങള്‍ ഉണ്ടാകാതിരിക്കണമെന്ന നിലപാടാണ് കെ. സുധാകരന്‍ അടക്കമുള്ളവര്‍ക്കുള്ള നിലപാട്. അതിനാല്‍ എ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനാണ് സാധ്യതയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കലാകൗമുദിയോടു വ്യക്തമാക്കി