ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉത്തര്‍പ്രദേശില്‍ ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ 80 മണ്ഡലങ്ങളില്‍ 17 ഇടത്ത് കോണ്‍ഗ്രസ് മത്സരിക്കും. റായ്ബറേലി, അമേഠി, വാരാണസി മണ്ഡലങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസിന് നല്‍കിയത്. ബാക്കി 63 മണ്ഡലങ്ങളില്‍ എസ്പിയും സഖ്യകക്ഷികളും മത്സരിക്കും.
ഇന്ത്യ മുന്നണി സീറ്റുവിഭജനം പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. ഭിന്നതകളില്ലെന്നും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സീറ്റു ധാരണ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. സോണിയ ഗാന്ധിയാണ് റായ്ബറേലിയില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തിയത്. അമേഠിയില്‍ മത്സരിച്ച രാഹുല്‍ ഗാന്ധിയടക്കം പരാജയപ്പെട്ടു. ഇത്തവണ മകളും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുമെന്നാണ് സൂചന.