കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം തെരെഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള ബിജെപിയുടെ ധ്രുവീകരണ ആയുധം മാത്രമെന്ന് എം.കെ രാഘവൻ എം.പി.രാജ്യത്തെ ധ്രുവീകരിക്കാനും ഒരു സമുദായത്തെ മാത്രം അപരവത്കരിക്കാനും ബിജെപി നടത്തുന്ന ശ്രമങ്ങൾക്കെതിരായ പോരാട്ടത്തിന് രാജ്യത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ അറബിക്കടലിൽ എറിയുമെന്നും എം.കെ രാഘവൻ വ്യക്തമാക്കി. മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള മോദി സർക്കാരിന്റെ നീക്കത്തെ ചെറുക്കുമെന്നും എസ്ബിഐ ബോണ്ട് കേസിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ സിഎഎ പ്രാബല്യത്തിൽ കൊണ്ടുവരുന്നതെന്നും എം.കെ രാഘവൻ എം.പി ആരോപിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും എം.കെ രാഘവൻ എംപി വ്യക്തമാക്കി.
സ്വന്തം രാജ്യത്തെ 140 കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ നേരിടാൻ തയാറല്ലാത്ത മോദി സർക്കാർ അയൽ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ കേവലം 30000 ആളുകളെ മാത്രം ബാധിക്കുന്ന പ്രശ്നം മുൻ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് ആഗ്രഹിക്കുന്നത് പരിഹാസ്യമാണ്.ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിക്കുന്ന രാജ്യം കണ്ട ഏറ്റവും വലിയ സമരങ്ങൾക്കും പ്രക്ഷോഭങ്ങളും നേരിടാൻ വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ് രാഷ്ട്രീയ സംഘടനകൾ.നിയമം പിൻവലിക്കണമെന്നാവശ്യപ്പട്ട് എൽഡിഎഫ് ഇന്ന് രാവിലെ 11 മണിക് പ്രതിഷേധ റാലി സംഘടിപ്പിക്കും.
രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക. നിയമം പിൻവലിക്കണമെന്നാവശ്യവുമായി കോൺഗ്രസ് മണ്ഡലതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം.
കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. വിഷയം വീണ്ടും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തടക്കം മുഖ്യ പ്രചാരണ വിഷയമാകും.