'ദക്ഷിണേന്ത്യക്ക് പ്രത്യേക രാജ്യം വേണം'; വിവാദമായി പരാമർശം, പിന്നാലെ വിശദീകരണവുമായി ഡി.കെ സുരേഷ്

ദക്ഷിണേന്ത്യന്‍ പണം കേന്ദ്രസര്‍ക്കാര്‍ ഉത്തരേന്ത്യക്ക് നല്‍കുകയാണ്. കേന്ദ്രം എല്ലാ കാര്യങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണ്. ഈ സാഹചര്യത്തിൻ്റെ ഫലമായി പ്രത്യേക രാജ്യം ആവശ്യപ്പെടുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ഡികെ സുരേഷ് പറഞ്ഞത്.

author-image
Greeshma Rakesh
New Update
'ദക്ഷിണേന്ത്യക്ക് പ്രത്യേക രാജ്യം വേണം'; വിവാദമായി പരാമർശം, പിന്നാലെ വിശദീകരണവുമായി  ഡി.കെ സുരേഷ്

ബെംഗളൂരു: ദക്ഷിണേന്ത്യക്ക് പ്രത്യേക രാജ്യം വേണമെന്ന പരാമർശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് എംപി ഡികെ സുരേഷ്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് വിതരണത്തിലെ അനീതി ശ്രദ്ധയിൽപ്പെടുത്താൻ മാത്രമാണ് ശ്രമിച്ചതെന്നാണ് വിശദീകരണം. പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും രംഗത്തെത്തിയതോടെയാണ് സുരേഷിന്റെ വിശദീകരണം.

കര്‍ണാടക ജിഎസ്ടി സംഭാവന ചെയ്യുന്ന രണ്ടാമത്തെ വലിയ സംസ്ഥാനമായിട്ടും കേന്ദ്രം കര്‍ണാടകത്തോടും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടും അനീതിയാണ് കാണിക്കുന്നത്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ക്ക് 51 ശതമാനം വര്‍ധനവ് നല്‍കി. അതിനാല്‍ ഇത് അനീതിയല്ലെങ്കില്‍ മറ്റെന്താണെന്നും ഡി കെ സുരേഷ് ചോദിച്ചു.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ആവശ്യമാണ്. എന്നാൽ കേന്ദ്രത്തിന്റെ അവഗണന തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.മാത്രമല്ല ഈ നില തുടർന്നാൽ ഇന്ത്യക്കാരനും കോണ്‍ഗ്രസുകാരനും എന്ന നിലയില്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളുമെന്നും കര്‍ണാടകയോടുള്ള അനീതിക്കെതിരെ ശബ്ദമുയര്‍ത്തുമെന്നും ഡികെ സുരേഷ് എക്സ് കുറിച്ചു.

നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത് തെരഞ്ഞെടുപ്പ് ബജറ്റാണെന്നും അതില്‍ പുതുമയില്ലെന്നുമായിരുന്നു സുരേഷിന്റെ പ്രതികരണം. ദക്ഷിണേന്ത്യയോട് കേന്ദ്രസര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍, ദക്ഷിണേന്ത്യക്കാര്‍ക്കായി പ്രത്യേക രാജ്യം ആവശ്യപ്പെടുമെന്നാണ് കഴിഞ്ഞദിവസം ഡികെ സുരേഷ് പറഞ്ഞത്.

ദക്ഷിണേന്ത്യന്‍ പണം കേന്ദ്രസര്‍ക്കാര്‍ ഉത്തരേന്ത്യക്ക് നല്‍കുകയാണ്. കേന്ദ്രം എല്ലാ കാര്യങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണ്. ഈ സാഹചര്യത്തിൻ്റെ ഫലമായി പ്രത്യേക രാജ്യം ആവശ്യപ്പെടുകയല്ലാതെ മറ്റ് മാർഗമില്ലെന്നായിരുന്നു ഡികെ സുരേഷിന്റെ പരാമർശം.

BJP congress separate country remark d k suresh karanataka south india budget 2024