ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മഹാരാഷ്ട്രയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പദ്മാകര്‍ വാല്‍വി ബിജെപിയില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മഹാരാഷ്ട്രയില്‍ പര്യടനം തുടരവെയാണ് വാല്‍വിയുടെ കൂറുമാറ്റം.
മുംബൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭവന് കുലേ, രാജ്യസഭ എംപി അശോക് ചവാന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വാല്‍വി പാര്‍ട്ടിയില്‍ അംഗത്വം എടുത്തത്.
വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രബലനായ നേതാവാണ് വാല്‍വി. മിലിന്ദ് ദിയോറ, ബാബ സിദ്ധിഖി, അശോക് ചവാന് എന്നിവര്‍ക്ക് ശേഷം സംസ്ഥാനത്ത് പാര്‍ട്ടി വിടുന്ന പ്രമുഖ നേതാവാണ് പദ്മാകര്‍ വാല്‍വി. ചൊവ്വാഴ്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി നന്ദൂര്‍ബറില്‍ രാഹുല്‍ ഗാന്ധി പൊതുസമ്മേളനം നടത്തിയിരുന്നു.