ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്-എഎപി സീറ്റ് ധാരണയായി

ഇന്‍ഡ്യ സഖ്യത്തില്‍ കോണ്‍ഗ്രസ്- എ.എ.പി. സീറ്റുധാരണയായി. ഡല്‍ഹിയില്‍ എ.എ.പി. നാലു സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ദേശീയസഖ്യസമിതി കണ്‍വീനറുമായ മുകുള്‍ വാസ്നികാണ് സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

author-image
anu
New Update
ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്-എഎപി സീറ്റ് ധാരണയായി

 

ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യത്തില്‍ കോണ്‍ഗ്രസ്- എ.എ.പി. സീറ്റുധാരണയായി. ഡല്‍ഹിയില്‍ എ.എ.പി. നാലു സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ദേശീയസഖ്യസമിതി കണ്‍വീനറുമായ മുകുള്‍ വാസ്നികാണ് സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് രണ്ടു സീറ്റും ഹരിയാനയില്‍ ഒന്നും നല്‍കാന്‍ തീരുമാനമായി.

ഡല്‍ഹിയില്‍ ഏഴു സീറ്റുകളാണ് ഉള്ളത്. ഗുജറാത്തിലെ 26 സീറ്റില്‍, 24 ഇടത്തും കോണ്‍ഗ്രസ് മത്സരിക്കും. ഭറൂച്ചും ഭാവ്നഗറുമാണ് എ.എ.പിക്ക് നല്‍കിയത്. ഭറൂച്ച് ആം ആദ്മി പാര്‍ട്ടിക്ക് നല്‍കുന്നതിനെതിരെ അന്തരിച്ച മുന്‍ എ.ഐ.സി.സി ട്രഷറര്‍ അഹമ്മദ് പട്ടേലിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

ഹരിയാനയിലെ പത്തുസീറ്റില്‍ ഒമ്പതിലും കോണ്‍ഗ്രസ് മത്സരിക്കും. കുരുക്ഷേത്ര സീറ്റാണ് ആം ആദ്മി പാര്‍ട്ടിക്ക് നല്‍കുക. ചണ്ഡീഗഢിലെ ഏക സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഗോവയിലെ രണ്ടുസീറ്റിലും കോണ്‍ഗ്രസായിരിക്കും മത്സരിക്കുക.

ഡല്‍ഹിയിലെ ഏഴില്‍ ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി മത്സരിക്കുക. ചാന്ദ്നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. നിലവില്‍ ഡല്‍ഹിയിലെ ഏഴുസീറ്റിലും ബി.ജെ.പി. എം.പിമാരാണുള്ളത്.

അതേസമയം, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്കുമത്സരിക്കുമെന്നും അസമില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചു.

Latest News national news